Showing posts with label Short Prayer to Free Souls instantly from Purgatory. Show all posts
Showing posts with label Short Prayer to Free Souls instantly from Purgatory. Show all posts

Wednesday, June 24, 2020

ശുദ്ധീകരണ സ്ഥലം ശൂന്യമാക്കാൻ നമുക്കും പറ്റും! എങ്ങനെ? ഇങ്ങനെ

കർത്താവിൽ പ്രിയ സോദരാ/സോദരീ, നാം പലപ്പോഴും ഓർക്കാൻ വിട്ടുപോകുന്ന ഒരു കാര്യമാണ് നാം ഇവിടെ സുഖമായിരിക്കുമ്പോഴും, വിവിധ പ്രവർത്തികളിൽ ഏർപ്പെട്ടിരിക്കുമ്പോഴും, ഉണ്ണുമ്പോഴും, ഉറങ്ങുമ്പോഴും, വിശ്രമമില്ലാതെ സാദാ സമയവും -ആളിക്കത്തുന്ന എരിതീയിൽ എന്നപോലെ- അസഹനീയമായ വേദന അനുഭവിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ പ്രിയപ്പെട്ട ഒരു കൂട്ടരുണ്ടെന്നുള്ള വസ്‌തുത. ആരാണെന്നു അറിയാമോ? നമ്മുടെ സ്വന്തം ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾ.  അവർ നമ്മുടെ ഭവനങ്ങളിൽ നിന്നോ, കുടുംബങ്ങളിൽ നിന്നോ, പരിചയത്തിൽ നിന്നോ മരണപെട്ടവരാകാം, അല്ലായിരിക്കാം. എന്നാലും കർത്താവിന്റെ തിരു സഭയുടെ ഒരു അംഗമെന്ന നിലയിൽ നാം അറിയാത്ത ആത്മാക്കളും  നമ്മുടെ സഹോദരങ്ങളാണ്, നമ്മുടെ ശരീരത്തിന്റെ തന്നെ അവയവങ്ങൾ പോലെയാണ്..!

നമ്മിൽ ചിലർ എല്ലാ ദിവസവും കുടുംബ പ്രാർത്ഥനയിൽ മരിച്ച വിശ്വാസികളുടെ ആത്മാക്കൾക്കായി ചില പ്രാർത്ഥനകൾ ചൊല്ലാറുണ്ട്. പലരും ആണ്ടിൽ ഒന്നോ രണ്ടോ തവണ മരണം അടഞ്ഞവരെ ഓർക്കുകയും അവർക്കു വേണ്ടി പരിശുദ്ധ കുർബാനയും മറ്റും അർപ്പിക്കുകയും ചെയ്യാറുണ്ട്. എന്നാൽ വേറൊരു വിഭാഗം ആകട്ടെ, മരിച്ചുപോയവരെ ഒരിക്കലും ഓർക്കാറോ അവർക്കുവേണ്ടി പ്രാർത്ഥനകൾ അർപിക്കാറോ  ഇല്ലെന്നുള്ളതാണ് വാസ്തവം. ഇങ്ങനെയുള്ള അനേകമനേകം ആത്മാക്കൾ സഹൃദയരായ ജീവിച്ചിരിക്കുന്നവരുടെ പ്രാർത്ഥനകളേയും മധ്യസ്ഥതയെയും പ്രത്യാശയോടെ കാത്തിരിക്കുന്നു എന്ന സത്യം നമ്മിൽ പലരും ഒരുപക്ഷെ അറിയുന്നുണ്ടാകില്ല. .

 ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കളുടെ സഹനം ദിവസങ്ങളോ, ആണ്ടുകളോ, നൂറ്റാണ്ടുകളോ, സഹസ്രാബ്ദങ്ങളോ നീണ്ടു നിൽക്കുന്നത് ആകാം എന്ന യാഥാർഥ്യം നമ്മിൽ എത്ര പേർ ഗൗരവമായി എടുക്കാറുണ്ട്?



നിങ്ങൾക്കു അറിയാമോ? നമ്മുടെ കർത്താവു ശുദ്ധീകരണ സ്ഥലവും അവിടെ വേദന സഹിക്കുന്ന ആത്മാക്കളുടെ അവസ്ഥയും പല വിശുദ്ധരെയും (ഇന്നും ജീവിച്ചിരിക്കുന്ന ചില വൈദീകർ ഉൾപ്പടെ)
കൂട്ടി കൊടുപോയി കാണിച്ചിട്ടുണ്ട്! അവർ എല്ലാം തന്നെ പറയുന്ന ഒരു കാര്യം ശുദ്ധീകരണ സ്ഥലത്തെ ഏറ്റവും ചെറിയ വേദന പോലും
ഈ ലോകത്തിലെ ഏറ്റവും വലിയ വേദനയെക്കാൾ വളരെ വലുതും
അസഹനീയവും ആണെന്നാണ്..! ഇപ്പോൾ വളരെ സന്തോഷമായിട്ടു ജീവിക്കുന്ന നമ്മിൽ മിക്കവാറും എല്ലാവരുംതന്നെ ഇന്നല്ലെങ്കിൽ നാളെ അവിടെ പോകാനിടയുണ്ടെന്നുള്ളതും ഒട്ടും അവഗണിക്കാൻ പറ്റാത്ത ഒരു യാഥാർഥ്യമാണ്.

നമ്മുടെ പ്രാർത്ഥനയുടെ ഫലമായി ശുദ്ധീകരണ സ്ഥലത്തെ ഒരു ആത്മാവ് വിടുതൽ പ്രാപിച്ചാൽ, ഓർക്കുക... ആ ആത്മാവ് സ്വർഗത്തിൽ  എത്തുന്നത് ഒരു വിശുദ്ധനായിട്ടാണ്..! അങ്ങനെ നമ്മുടെ സഹായത്താൽ വേഗത്തിൽ സ്വർഗത്തിൽ എത്തിയ ഒരു വിശുദ്ധൻ! അപ്പോൾ ആ വിശുദ്ധൻ നാം ചെയ്തതിന് പ്രത്യുത്തരമായി നമ്മുക്ക് എന്തെല്ലാം ചെയ്തുതരും? നാം ശുദ്ധീകരണ സ്ഥലത്തോ, ഈ ലോകത്തിലോ എന്തെങ്കിലും വേദനകളെയോ  പരീക്ഷകളെയോ നേരിടുമ്പോൾ ആ വിശുദ്ധൻ വെറുതെ നോക്കി നിൽക്കുമോ? നമ്മുടെ സഹായത്തിനു എത്താതിരിക്കുമോ? എത്ര മനോഹരമായിരിക്കും അത്! 


ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കളുടെ പ്രധാന മധ്യസ്ഥയായ, വിശുദ്ധ ജെർത്രൂട് (St. Gertrude the Great) വഴിയായി നമ്മുടെ കർത്താവു അനേകം ശുദ്ധീകരണ ആത്മാക്കളെ വളരെ വേഗം വിടുവിക്കാനായി ഒരു എളുപ്പ പ്രാർത്ഥന നല്കുകയുണ്ടയി. ആ ചെറിയ പ്രാർത്ഥന ഭക്തി വിശ്വാസത്തോടെ ഓരോ പ്രാവശ്യവും പ്രാർത്ഥിക്കുമ്പോൾ 1000 ആത്മാക്കൾ സ്വർഗത്തിലേക്ക് എടുക്കപ്പെടുന്നു! ആ പ്രാർത്ഥന ഒരു പ്രാവശ്യം പ്രാർത്ഥിക്കാൻ വേണ്ടുന്നതു വെറും ഒരു മിനിറ്റ്. അപ്പോൾ നാം അല്പം മനസു വെച്ചാൽ ഓരോ ദിവസവും നമ്മുക്ക് അനേകായിരം ആത്മാക്കളെ നിഷ്‌പ്രയാസം ശുദ്ധീകരണ സ്ഥലത്തു നിന്ന് മോചിപ്പിച്ചു സ്വർഗ്ഗ ഭാഗ്യത്തിന് അർഹരാക്കാൻ പറ്റും. ശ്രമിക്കാമോ? 

ലോകത്തു അനേകം കൂട്ടായ്മകൾ ശുദ്ധീകരണ സ്ഥലം ശൂന്യമാക്കാനുള്ള ശ്രേഷ്ടമായ ഈ ഉദ്യമത്തിൽ പങ്കാളികളായിട്ടുണ്ട്. ഓരോ വിശ്വാസിയും മനസ് വെച്ച് സഹകരിച്ചാൽ നമ്മുക്ക് ഓരോ ദിവസവും കോടിക്കണക്കിനു വേദന സഹിക്കുന്ന ആത്മാക്കളെ വിടുവിക്കാൻ ആകും എന്നതോടൊപ്പം നമ്മുടെ കുടുംബങ്ങളിലും ലോകം മുഴുവനിലും ഉള്ള പാപികളുടെ മനസാന്തരത്തിനും കാരണമാകും. നമ്മുടെ കർത്താവിനു അത് ഏറ്റം പ്രിയങ്കരവുമാകും!


അതുകൊണ്ടു ഓരോ ദിവസവും പറ്റുമ്പോഴെല്ലാം (അഞ്ചോ, പത്തോ, ഇരുപതോ, അമ്പതോ പ്രാവശ്യം...) ഈ പ്രാർത്ഥന വളരെ ഭക്തിയോടു  പ്രാർത്ഥിയ്ക്കുക. പത്തു പ്രാവശ്യം പ്രാർത്ഥിക്കുമ്പോൾ 10,000 ആൽമക്കളെ നിങ്ങൾ നേടിക്കഴിഞ്ഞു! ഇതുപോലെ സന്മനസ്സുള്ള ഒരു ആയിരം പേർ ദിവസം പത്തു പ്രാവശ്യം വീതം ചൊല്ലുമ്പോൾ ഒരു കോടി (1,0000000) ശുദ്ധീകരണ ആത്മാക്കൾ വിടുതൽ പ്രാപിച്ചു സ്വർഗത്തിൽ വിശുദ്ധ ഗണത്തോട്‌ ഒന്നിക്കുന്നു ...!  കണ്ടാലും, നമ്മുടെ തീരെ ചെറിയ ഒരു പ്രവർത്തിയുടെ ഫലം എത്ര വലുതാണെന്ന്! 

വിശുദ്ധ ജെർത്രൂദ്  വഴി നമ്മുടെ കരുണാമയനായ കർത്താവു നൽകിയ ആയിരം ആത്മാക്കളെ ഉടനടി വിടുവിക്കാൻ പോരുന്ന ആ വിശിഷ്ടമായ  പ്രാർത്ഥന ഇതാണ്:

"നിത്യ പിതാവേ, അങ്ങേ ദിവ്യ സുതനും ഞങ്ങളുടെ കർത്താവും നാഥനുമായ ഈശോ മിശിഹാ ചിന്തിയ ഏറ്റവും അമൂല്യവും പരിശുദ്ധവുമായ  രക്തത്തിന്റെ അനന്ത യോഗ്യതകളോടും; ഞങ്ങളുടെ പാപ പരിഹാരത്തിനും രക്ഷക്കുവേണ്ടി അവിടുന്ന് സഹിച്ച അതി കഠിനമായ  പീഡകളുടെ അനന്ത യോഗ്യതകളോടും; അവിടുത്തെ പീഡാനുഭവങ്ങളുടെയും, മരണത്തിന്റെയും, ഉത്ഥാനത്തിന്റെയും മഹനീയ ഓർമ്മ ആചരിച്ചുകൊണ്ടു ഇന്നേ ദിവസം ലോകം മുഴുവൻ അർപ്പിക്കപ്പെടുന്ന എല്ലാ ദിവ്യ ബലികളുടെ അനന്ത യോഗ്യതകളോടും കൂടെ അങ്ങയോടു അപേക്ഷിക്കുന്നു, ശുദ്ധീകരണ സ്ഥലത്തു വേദന അനുഭവിക്കുന്ന എല്ലാ  ആത്മാക്കളോടും കരുണ കാണിക്കണമേ. അതുപോലെ ഞങ്ങളുടെ ഭവനത്തിലും, കുടുംബങ്ങളിലും, തിരുസഭയിലും, ലോകം മുഴുവനിലും പാപത്തിലും, ബന്ധനത്തിലും, അന്ധതയിലും, അജ്ഞതയിലും ആയിരിക്കുന്ന എല്ലാവരോടും കരുണയായിരിക്കണമേ!" ആമേൻ.

[Note: നമ്മുടെ കർത്താവും ദൈവവുമായ യേശുക്രിസ്തുവിന്റെ തിരു ശരീരത്തിന്റെയും, പരിശുദ്ധ രക്തത്തിന്റെയും, ദിവ്യ ബലിയുടെയും  യോഗ്യത അനന്തമാണ് (endless)... അതുകൊണ്ടു ഇങ്ങനെയുള്ള പ്രാർത്ഥനകൾ  വെറും മനഃപാഠമായി ഉരുവിടാതു, ഹൃദയത്തിൽ നിന്ന്, ഭക്തിയോടെ  ചൊല്ലുവാൻ ശ്രദ്ധിക്കണേ! അതിനു സഹായകമാകാനാണ് ഈ പ്രാർത്ഥന അല്പം വിശദമായി കൊടുത്തിരിക്കുന്നത്!]

“ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ മാധ്യസ്ഥ ശക്തിയേക്കുറിച്ചും, അവരുടെ മാദ്ധ്യസ്ഥം വഴി നമുക്ക് നേടുവാന്‍ കഴിയുന്ന അനുഗ്രഹങ്ങളേക്കുറിച്ചും ദൈവകൃപയാല്‍ നമുക്കറിയാമായിരുന്നുവെങ്കില്‍ അവര്‍ ഇത്രമാത്രം മറക്കപ്പെട്ട അവസ്ഥയിലായിരിക്കുമായിരുന്നില്ല. അതിനാല്‍, നമുക്ക് വേണ്ടി ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ ധാരാളമായി പ്രാര്‍ത്ഥിക്കേണ്ടതിനായി നാം അവര്‍ക്ക് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കേണ്ടിയിരിക്കുന്നു”. (വിശുദ്ധ ജോണ്‍ മരിയ വിയാനി).