തിരുഹൃദയ വണക്കമാസ ജപവും പ്രാർത്ഥനയും: പതിനഞ്ചാം ദിവസം
ജപം
ദാരിദ്ര്യം എന്ന സുകൃതത്തിന്‍റെ മാതൃകയായ ഈശോമിശിഹായെ, അങ്ങയെ ഞാന്‍ ആരാധിക്കുന്നു. കാരുണ്യം നിറഞ്ഞ എന്‍റെ രക്ഷിതാവേ, എന്‍റെ ആഗ്രഹം മുഴുവനും ലോകവസ്തുക്കളിലും ബഹുമാനാദികളിലും ആയിരിക്കുന്നുവെന്നു അറിയുന്നതില്‍ അങ്ങ് എത്രയധികം ഖേദിക്കുന്നു. എന്‍റെ ഹൃദയത്തെ അങ്ങേ ദിവ്യഹൃദയത്തോടു താരതമ്യപ്പെടുത്തി നോക്കുന്നുവെങ്കില്‍ എന്‍റെ ഹൃദയം അന്ധകാരത്താലും സകല വക ദുര്‍ഗുണങ്ങളാലും നിറഞ്ഞ ഒരു ഗുഹയാണെന്നതില്‍ സംശയമില്ല. സ്നേഹം നിറഞ്ഞ എന്‍റെ ഈശോനാഥാ, എന്നെ ദയാപൂര്‍വ്വം അനുഗ്രഹിക്കണമേ. അങ്ങിലുള്ള ദിവ്യഹൃദയത്തിന്‍റെ പ്രകാശം എന്നിലുള്ള അന്ധകാരത്തെ നീക്കി എന്‍റെ എല്ലാ ആഗ്രഹങ്ങളെയും അഭിനിവേശങ്ങളെയും സംശുദ്ധമാക്കട്ടെ. അങ്ങയിൽ മാത്രം എന്‍റെ ശരണം മുഴുവനും വയ്ക്കുന്നതിനും എന്‍റെ പൂര്‍ണ്ണശക്തിയോടുകൂടി അങ്ങയെ മാത്രം സ്നേഹിക്കുനതിനും അനുഗ്രഹം നല്‍കണമേ.
പ്രാർത്ഥന
കര്‍ത്താവേ, അങ്ങയുടെ മണവാട്ടിയായ കത്തോലിക്കാ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങയുടെ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കരുണയായിരിക്കണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ പരിശുദ്ധ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ, ഞങ്ങൾ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങയുടെ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍.
സുകൃത ജപം
ഈശോതമ്പുരാൻറെ ദിവ്യഹൃദയമേ, എല്ലാവരും അങ്ങയെ അറിഞ്ഞു സ്നേഹിക്കുന്നതിന് അനുഗ്രഹം തരണമേ.
Amen 🙏
ReplyDelete