Sunday, February 11, 2024

Sawma Rabba: 50-Days Nombu (Great Lent of Syrian Christians)


 

എന്താണ് സൗമാ റബ്ബാ (വലിയ നോമ്പ്)? 

സീറോ മലബാർ കത്തോലിക്കാ തിരുസഭയുടെ ആരാധനാവത്സരത്തിൽ ഉയിർപ്പുതിരുനാളിനു മുൻപ്‌, ഏഴ് ആഴ്ച നീണ്ടു നിൽക്കുന്ന വിശുദ്ധമായ  കാലഘട്ടത്തെയാണ് സുറിയാനിയിൽ 'സൗമാ റബ്ബാ' അഥവാ 'വലിയ നോമ്പ്' എന്ന് വിളിക്കുന്നത്. ആരാധനാവത്സരത്തിന്റെ കേന്ദ്രമായ  നമ്മുടെ കർത്താവീശോമിശിഹായുടെ പീഡാസഹനത്തിന്റെയും കുരിശു മരണത്തിന്റെയും ഉത്ഥാനത്തിന്റെയും ഓർമ്മ ആചരിക്കുന്ന വലിയ ആഴ്ച കൊണ്ടാടുവാൻ തിരുസഭയൊന്നാകെ ഒരുങ്ങുന്ന ഉപവാസത്തിന്റെയും പ്രാർത്ഥനയുടെയും ദിനങ്ങളാണ് വലിയ നോമ്പ്. 


പേത്തൂർത്ത: വലിയ നോമ്പിലെ ഒന്നാം ഞായർ, 'തിരിഞ്ഞു നോക്കുക' എന്നർത്ഥംവരുന്ന 'പേത്തൂർത്ത' എന്നാണ് അറിയപ്പെടുന്നത്. നോമ്പുകാലത്തു നമ്മുടെ ജീവിതത്തിൽ പ്രത്യേകമായി നിലനിർത്തേണ്ട ആത്മപരിശോധനയുടെയും അനുതാപത്തിന്റെയും അനുരഞ്ജനത്തിന്റെയും ചൈതന്യത്തിലേയ്ക്കാണ് പേത്തൂർത്ത ആചരണം വിരൽചൂണ്ടുന്നത്. 

വിഭൂതി തിങ്കൾ: ഉയിർപ്പുതിരുനാളിനു മുൻപ് ഏഴ് ആഴ്ചകണക്കാക്കി, ഒന്നാം ആഴ്ചയിലെ തിങ്കളാഴ്ച (പേത്തൂർത്ത ക്കു പിറ്റേന്ന്) ആണ് 'സൗമാ റബ്ബാ' (വലിയ നോമ്പ്) ആരംഭിക്കുന്നത്. നോമ്പിന്റെ ഈ ആദ്യ ദിനം ഉപവാസമനുഷ്ഠിച്ചുകൊണ്ടാണ് (abstinence and fasting) വിശ്വാസികൾ ആചരിക്കേണ്ടുന്നത്. ഞായറാഴ്ച വൈകുന്നേരം റംശാ നമസ്‌ക്കാരത്തോടെ ആരംഭിക്കുന്ന ഉപവാസം തിങ്കളാഴ്ച വൈകുന്നേരം റംശാ നമസ്‌ക്കാരത്തിനു ശേഷം അവസാനിക്കുന്നു. നോമ്പ് ആരംഭ ദിനത്തിലെ ചാരം പൂശൽ കർമ്മം (കുരിശുവര) റോമൻ (ലത്തീൻ) പരമ്പര്യത്തിൽ നിന്നും കടമെടുത്തിട്ടുള്ളതാണ്. രഹസ്യങ്ങൾ അറിയുന്ന സ്വർഗ്ഗീയ പിതാവിന്റെ മുൻപിൽ രഹസ്യമായി ഉപവാസവും പ്രാർത്ഥനയും ദാനധർമ്മവും അനുഷ്ഠിക്കണമെന്ന് നമ്മുടെ കർത്താവീശോ മിശിഹാ  പഠിപ്പിച്ചിരിക്കുന്നു (മത്തായി 6,1-18). ചാരം പൂശൽ പഴയ ഉടമ്പടിയിലെ ഉപവാസശൈലിയിൽ നിന്നും വന്നിട്ടുള്ളതാണ്. 

വിശുദ്ധഗ്രന്ഥ അടിസ്ഥാനം: നമ്മുടെ കർത്താവിന്റെ നാല്പതു ദിവസത്തെ മരുഭൂമി ഉപവാസമാണ് സൗമാ റമ്പായ്ക്ക് അടിസ്ഥാനവും പ്രചോദനവുമായി നിലകൊള്ളുന്നത്. തത്ത്വത്തിൽ നാല്പതു ദിവസമാണ് വലിയ നോമ്പ്. ആണ്ടുവട്ടത്തിലെ എല്ലാ ഞായറാഴ്ചകളും നമ്മുടെ കർത്താവിന്റെ ഉത്ഥാനത്തിന്റെ ആഘോഷമായതിനാൽ ഉപവാസമില്ല. പീഡാനുഭവ വെള്ളിയും വലിയശനിയും തീവ്ര ഉപവാസത്തിന്റെയും പ്രാർത്ഥനയുടെയും പ്രത്യേക ദിനങ്ങളാണ്. ഇപ്രകാരം, ആറ് ആഴ്ചകളിൽ ആറ് ദിവസങ്ങൾ വീതം മുപ്പത്തിയറ് ദിവസങ്ങൾ, ഏഴാം ആഴ്ചയിലെ തിങ്കൾ മുതൽ പെസഹാവ്യഴം ഉൾപ്പെടെ നാലുദിവസങ്ങൾ; ആകെ 36+4 നാല്പ്പതു ദിനങ്ങൾ. എന്നാൽ മാർ തോമാ നസ്രാണികൾ പരമ്പരാഗതമായി നോമ്പുകാലം മുഴുവൻ ഉപവാസം/ മാംസവർജ്ജനം അനുഷ്ഠിച്ചു പോരുന്നു. അതുകൊണ്ട് സൗമാ റമ്പാ (വലിയ നോമ്പ്) അൻപതു നോമ്പ് എന്നും അറിയപ്പെടുന്നു. 

നോമ്പാചരണം:

1. പ്രാർത്ഥന: തന്റെ ഏകപുത്രനെ മരണത്തിനു വിട്ടുകൊടുത്തുകൊണ്ട്‌ പാപത്തിലേയ്ക്കു ചായ്ഞ്ഞിരുന്ന നമ്മുടെ മനുഷ്യ പ്രകൃതിയെ മഹത്ത്വമണിയിച്ച പിതാവായ ദൈവത്തിന്റെ അനന്തമായ സ്‌നേഹവും കൃപയും കാരുണ്യവും ധ്യാനിച്ച് നന്ദി അർപ്പിക്കേണ്ട പ്രത്യേക കാലമാണിത്. ഈ പ്രാർത്ഥനയാണ് നോമ്പാചരണത്തെ നയിക്കേണ്ടത്. വിശുദ്ധ കുർബാനയർപ്പണം, സ്ലീബാ പാത, യാമപ്രർത്ഥനകൾ, കരുണ കൊന്ത, തിരുവചന വായനയും ധ്യാനവും (പ്രത്യേകമായി ഈശോയുടെ പീഡാസഹനങ്ങളെ വിവരിക്കുന്ന സുവിശേഷ ഭാഗങ്ങൾ), എന്നിവ നോമ്പാചരണത്തിന് ഊർജ്ജം പകരുന്ന കൃപയുടെ ഉറവിടങ്ങളാണ്. മൗനം/നിശ്ശബ്ദത നോമ്പാചരണത്തെ ഏറെ സഹായിക്കുന്ന ഘടകമാണ്. ''മുറിയിൽ കടന്ന് കതകടച്ചു പ്രാർത്ഥിക്കുക'' (മത്തായി 6:6) എന്നതിന് ആന്തരീക നിശ്ശബ്ദതയിൽ പ്രാർത്ഥിക്കുക എന്നും അർത്ഥമുണ്ട്. 'ഹൃദയ പ്രർത്ഥന' അഥവാ 'ഈശോ നാമജപം' എന്നറിയപ്പെടുന്ന, "കർത്താവായ  ഈശോ മിശിഹായേ, ദൈവത്തിന്റ പുത്രാ, പാപിയായ എന്റെ മേൽ കൃപയായിരിക്കണമേ'' എന്ന പ്രാർത്ഥന ആവർത്തിച്ച് ഉരുവിടുന്നത് പൗരസ്ത്യ സഭാപിതാക്കന്മാർ നമ്മെ പഠിപ്പിച്ചിരിക്കുന്ന അതിപുരാതനമായ പ്രാർത്ഥനാരീതിയാണ്. നോമ്പുകാലം ലക്ഷ്യം വയ്ക്കുന്ന അനുതാപത്തിന്റെയും എളിമപ്പെടലിന്റെയും ചൈതന്യം സ്വന്തമാക്കുവാൻ ഈ ആന്തരീക പ്രാർത്ഥന നമ്മെ സഹായിക്കും. 

2. മാംസവർജ്ജനം, ഉപവാസം: ''ഉപവാസത്തിന്റെ സ്‌നേഹിതർ'' എന്നാണ് പാശ്ചാത്യ മിഷനറിമാർ മാർ തോമാ നസ്രാണികളെ വിശേഷിപ്പിച്ചിരുന്നത്. നോമ്പിൽ മാംസം, മത്സ്യം, മുട്ട, പാൽ, പാലുല്പന്നങ്ങൾ, ഇഷ്ടവിഭവങ്ങൾ എന്നിവ ഭക്ഷിക്കാറില്ല. നോമ്പാചരണത്തിന്റെ ചൈതന്യത്തിൽ ദമ്പതികൾ പരസ്പര സമ്മതത്തോടെ ദാമ്പത്യ ധർമ്മം അനുഷ്ഠിക്കുന്നതിൽനിന്നും വിട്ടുനിൽക്കുന്നതും (1 കൊറി 7:5); മദ്യപാനം, പുകവലി, മറ്റു ദുഃശ്ശീലങ്ങൾ എന്നിവ നോമ്പാരംഭത്തിൽ തന്നെ എന്നേയ്ക്കുമായി ഉപേക്ഷിക്കുന്നതും പതിവാണ്. ഈ കാലഘട്ടത്തിൽ ആബാലവൃത്തം ജനങ്ങളെയും അടിമപ്പെടുത്തിയിരിക്കുന്ന 'ഡിജിറ്റൽ' വസ്തുക്കളുടെ ഉപയോഗവും അശേഷം ഉപേക്ഷിക്കുകയോ അല്ലെങ്കിൽ പരിമൈത്തപ്പെടുത്തുകയോ ചെയ്യേണ്ടുന്നതാണ് (digital fasting as exhorted by Mar George Madathikandathil)

നിഷ്ഠയോടുള്ള ഉപവാസത്തിന്റെ അനുഷ്ഠാനം ഇപ്രകാരമാണ്: തലേന്ന് വൈകുന്നേരം ആറുമണിക്കു മുൻപ് അത്താഴം കഴിക്കുന്നു. ആറുമണിക്ക് റംശാ നമസ്‌കാരത്തോടെ/കുടുംബ പ്രാർത്ഥനയോടെ  ഉപവാസം ആരംഭിക്കുന്നു. പിറ്റേന്ന് വൈകുന്നേരം ആറുമണിക്ക് റംശാ നമസ്‌കാരത്തിനുശേഷം അത്താഴം കഴിക്കുന്നു. ''നിങ്ങൾ ഉപവസിക്കുമ്പോൾ കപടനാട്യക്കാരെപ്പോലെ വിഷാദം ഭാവിക്കരുത്. തങ്ങൾ ഉപവസിക്കുന്നുവെന്ന് അന്യരെ കാണിക്കാൻ വേണ്ടി അവർ മുഖം വികൃതമാക്കുന്നു. സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: അവർക്കു പ്രതിഫലം ലഭിച്ചുകഴിഞ്ഞു. എന്നാൽ, നീ ഉപവസിക്കുന്നത് അദൃശ്യനായ പിതാവല്ലാതെ മറ്റാരും കാണാതിരിക്കുന്നതിന്, ശിരസ്‌സിൽ തൈലം പുരട്ടുകയും മുഖം കഴുകുകയും ചെയ്യുക. രഹസ്യങ്ങൾ അറിയുന്ന പിതാവ് നിനക്കു പ്രതിഫലം നൽകും'' (മത്തായി 6, 16-18). 

അനുരഞ്ജനം/അനുതാപം: വഴക്കുകൾ, വൈരാഗ്യം, ശത്രുത, വെറുപ്പ്, പ്രതികാരചിന്ത, മുതലായ തിന്മകൾ നീക്കി സഹോദരങ്ങളോട് അനുരഞ്ജനപ്പെടേണ്ട കാലമാണ് നോമ്പിന്റേത്. എന്തെന്നാൽ, ''കാണപ്പെടുന്ന സഹോദരനെ സ്‌നേഹിക്കാത്തവനു കാണപ്പെടാത്ത ദൈവത്തെ സ്‌നേഹിക്കാൻ സാധിക്കുകയില്ല'' എന്ന് നമ്മുടെ കർത്താവിന്റെ തിരുമനസ്സനുസരിച്ച് യോഹന്നാൻ ശ്ലീഹാ നമ്മെ പഠിപ്പിച്ചിരിക്കുന്നു (1 യോഹ 4: 20). അനുരഞ്ജനകൂദാശ (വിശുദ്ധ കുമ്പസാരം) സ്വീകരിച്ച് സ്വയം വിശുദ്ധീകരിക്കേണ്ടതും നോമ്പാചരണത്തിന്റെ അവശ്യ ഘടകമാണ്. ധൂർത്തപുത്രനേപ്പൊലെ പിതാവിന്റെ വീട്ടിലേയ്ക്കു തിരിച്ചു ചെല്ലേണ്ട അനുതാപത്തിന്റെയും മാനസാന്തരത്തിന്റെയും കാലമാണത്. അങ്ങനെ കഴുകി ശുദ്ധമാക്കപ്പെട്ട ഹൃദത്തോടും വെടിപ്പാക്കപ്പെട്ട മനഃസാക്ഷിയോടുംകൂടി വേണം ഉയിർപ്പു തിരുനാളിനായി ഒരുങ്ങാൻ. 

4. ദാനധർമ്മം: മാംസവർജ്ജനത്തിലൂടെയും ഉപവാസത്തിലൂടെയും നീക്കിവയ്ക്കപ്പെടുന്ന തുക ദാനധർമ്മം ചെയ്യേണ്ടതാണ്. ആഹാരം, വസ്ത്രം, പാർപ്പിടം, മരുന്ന്, വിദ്യാഭ്യാസം മുതലായ അടിസ്ഥാന ആവശ്യങ്ങളിൽ മറ്റുള്ളവരെ സഹായിക്കുവാൻ സംഘടിതമായും വ്യക്തിപരമായും പരിശ്രമിക്കണം. മറ്റുള്ളവർക്കു വേണ്ടി എന്തുചെയ്തു എന്നുള്ളതാണ് അന്ത്യവിധിയുടെ മാനദണ്ഡമായി നമ്മുടെ കർത്താവു ചോദിക്കുന്നത് (മത്തായി 25, 31-46). "അവിടുത്തെ സന്നിധിയിൽ നിങ്ങളുടെ ഹൃദയങ്ങൾ തുറക്കുവിൻ. ഉപവാസവും പ്രാർത്ഥനയും അനുതാപവും വഴി മിശിഹായെയും അവിടുത്തെ പിതാവിനെയും പരിശുദ്ധാത്മാവിനെയും നമുക്കു പ്രസാദിപ്പിക്കാം." (സീറോ-മലബാർ കുർബാനയിലെ രണ്ടാം ദിവ്യരഹസ്യഗീതം).

ഒരു വലിയനോമ്പ് കാലത്തു കൂടി പ്രവേശിച്ചു സ്വയം വിശുദ്ധീകരിക്കാൻ ദൈവം നമുക്ക് നൽകിയ അവസരത്തിനായി നന്ദി പറഞ്ഞുകൊണ്ട് ഈ അമ്പതു നോമ്പ് നമുക്ക് അർത്ഥവത്തായി ആചരിക്കാം!

2 comments:

  1. Which language is 'swama rabba' ? please help me with the meaning

    ReplyDelete
    Replies
    1. Sawma rabba is a Syriac word, mostly used by the Eastern Syrian Christians!

      Delete

You are Welcome to add your Comments, Opinions, Doubts, Queries and Prayers below. God Bless...!