Friday, June 16, 2023

Mathavinte VIMALA HRIDAYA Prathishta Prayer



പരിശുദ്ധ ദൈവമാതാവിന്റെ വിമലഹൃദയത്തിനു സ്വയം പ്രതിഷ്ഠിക്കുന്ന പ്രാർത്ഥന. 

[ഈ പ്രാർത്ഥന അനുദിനം ചൊല്ലുന്നതുവഴി വിമലഹൃദയ പ്രതിഷ്ഠ പുതുക്കപ്പെടുന്നു.]


 "ദൈവമാതാവും അമലോത്ഭവയുമായ പരിശുദ്ധ കന്യകയേ, ദൈവത്തിന്റെയും സകല സ്വർഗ്ഗവാസികളുടെയും സാന്നിധ്യത്തിൽ ഞാൻ അങ്ങയെ എന്റെ മാതാവും രാജ്ഞിയുമായി പ്രഖ്യാപിക്കുന്നു. 
പിശാചിനെയും അവന്റെ എല്ലാ പ്രവർത്തികളെയും ആഘോഷങ്ങളെയും പരിത്യജിച്ചുകൊള്ളാമെന്നു വാഗ്‌ദാനം ചെയ്തുകൊണ്ട് അങ്ങയുടെ വിമലഹൃദയത്തിനു ഞാൻ എന്നെത്തന്നെ പ്രതിഷ്ഠിക്കുന്നു. 
എന്റെ ആത്മാവിനെയും ശരീരത്തെയും ബുദ്ധിയെയും മനസ്സിനെയും ഹൃദയത്തെയും അവയുടെ എല്ലാ കഴിവുകളോടും കൂടെ ഞാൻ അങ്ങേ തിരുമുമ്പിൽ സമർപ്പിക്കുന്നു. എന്റെ എല്ലാ സത് പ്രവൃത്തികളും പരിഹാര പ്രവൃത്തികളും അവയുടെ യോഗ്യതകളും ലോകമെങ്ങും അർപ്പിക്കപ്പെടുന്ന  ദിവ്യബലികളുടെ യോഗ്യതകളോട് ചേർത്ത് അങ്ങേ തൃപ്പാദത്തിങ്കൽ കാഴ്ചവെക്കുന്നു. 
കാലത്തിലും നിത്യതയിലും ദൈവ മഹത്വത്തിനും ആത്മാക്കളുടെ രക്ഷക്കുമായി അങ്ങേ ഹിതാനുസരണം അവ വിനിയോഗിച്ചുകൊള്ളണമേ". ആമ്മേൻ. 

Mystics who saw alive the most Sacred Heart of Jesus Christ

Tuesday, June 13, 2023

THIRUHRIDAYA (Sacred Heart) Prathishta Prayer പ്രതിഷ്ഠ


ഈശോയുടെ തിരുഹൃദയത്തിനു കുടുംബത്തെ പ്രതിഷ്ഠിക്കുന്ന പ്രാർത്ഥന. 

[ഈ പ്രാർത്ഥന ദിവസവും കുടുംബ പ്രാർത്ഥനയിൽ (സന്ധ്യാപ്രാർത്ഥനയിൽ) ഭക്തിയോടു ചൊല്ലേണ്ടതാകുന്നു] 

"ഈശോയുടെ തിരുഹൃദയമേ, ഈ കുടുംബത്തെയും ഞങ്ങളെ ഓരോരുത്തരേയും ഞങ്ങൾ അങ്ങേക്ക് പ്രതിഷ്ഠിക്കുന്നു. ഞങ്ങളുടെ ഈ കുടുംബത്തിൽ അങ്ങു രാജാവായി വാഴണമേ. ഞങ്ങളുടെ പ്രവൃത്തികളെല്ലാം അങ്ങുതന്നെ നിയന്ത്രിക്കണമേ. ഞങ്ങളുടെ ഉദ്യമങ്ങളെല്ലാം ആശീർവദിക്കുകയും ഞങ്ങളുടെ സന്തോഷങ്ങൾ വിശുദ്ധീകരിക്കുകയും സങ്കടങ്ങളിൽ ആശ്വാസം നല്കുകയും ചെയ്യണമേ. ഞങ്ങളിൽ ആരെങ്കിലും അങ്ങയെ ഉപദ്രവിക്കാനിടയായാൽ ഞങ്ങളോട് ക്ഷമിക്കണമേ. ഈ കുടുംബത്തില്ലുള്ളവരെയും ഇവിടെനിന്ന് അകന്നിരിക്കുന്നവരേയും സമൃദ്ധമായി അനുഗ്രഹിക്കണമേ.  

മരിച്ചുപോയ ഞങ്ങളുടെ കുടുംബാംഗങ്ങളെ നിത്യഭാഗ്യത്തിലേക്ക് പ്രവേശിപ്പിക്കണമേ. അങ്ങയെ കണ്ടാനന്ദിക്കുവാൻ സ്വർഗ്ഗത്തിലെത്തുന്നതുവരെ ആത്മീയവും ശാരീരികവുമായ എല്ലാ വിപത്തുകളിലും നിന്ന് ഞങ്ങളെ കാത്തുകൊള്ളണമേ.

പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയവും മാർ യൗസേഫ് പിതാവും  ഞങ്ങളുടെ ഈ പ്രതിഷ്ഠയെ അങ്ങേക്കു സമർപ്പിക്കുകയും ജീവിതകാലം മുഴുവനും ഇതിന്റെ സജീവസ്മരണ ഞങ്ങളിൽ നിലനിർത്തുകയും ചെയ്യട്ടെ".


ഈശോ മിശിഹായുടെ തിരുഹൃദയമേ,

           -ഞങ്ങളെ അനുഗ്രഹിക്കണമേ.

പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയമേ,

           -ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

വിശുദ്ധ യൗസേഫ് പിതാവേ,

           -ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ.

വിശുദ്ധ മാർഗ്ഗരീത്താ മറിയമേ,

            -ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ.