നാം ഇപ്പോൾ ആയിരിക്കുന്നത് ദൈവകരുണയുടെ യുഗത്തിലാണ്. ദൈവത്തിന്റെ അനന്തമായ കരുണ പെരുമഴപോലെ ഇടതടവില്ലാതെ പെയ്തുകൊണ്ടിരിക്കുന്ന കാലം. ഏതൊരു കൊടും പാപിക്കും, തന്റെ പാപത്തെക്കുറിച്ചുള്ള ബോധ്യം ലഭിച്ചാൽ അതിനെയോർത്തു ആഴമായി അനുതപിച്ചിട്ടു, കർത്താവിന്റെ സന്നിധിയിൽ വന്നു (തിരുസഭയിലെ പുരോഹിതനോട്) പാപസങ്കീർത്തനത്തിലൂടെ ഏറ്റുപറഞ്ഞാൽ പരിപൂർണ പാപമോചനം ഉടനടി ലഭിക്കും.
എന്നാൽ ഒരുവൻ ചെയ്തുകൂട്ടിയ എല്ലാ പാപങ്ങളും പശ്ചാത്താപത്തോടുകൂടിയ കുമ്പസാരം വഴി ക്ഷമിക്കപ്പെടുമ്പോഴും, പാപങ്ങളുടെ പരിണിതഫലങ്ങൾക്കു താൻതന്നെ പരിഹാരപ്രവർത്തികൾ ചെയ്യേണ്ടതായുണ്ട്. ഇല്ലെങ്കിൽ മരണശേഷം സ്വർഗത്തിൽ ദൈവസന്നിധിയിൽ പ്രവേശിക്കുന്നതിന് മുൻപ് ശുദ്ധീകരണ സ്ഥലത്തു തന്റെ പാപങ്ങൾക്കുള്ള കാലികശിക്ഷ അനുഭവിച്ചു ശുദ്ധി പ്രാപിക്കേണ്ടതായുണ്ട്.
ഇതിനു ഒരു പോംവഴിയായി കാലാകാലങ്ങളിൽ പ്രത്യേക സന്ദർഭങ്ങളിൽ കത്തോലിക്കാ സഭയുടെ തലവന്മാരായ മാർപാപ്പാമാർ, തങ്ങൾക്കു സഭയുടെ സ്ഥാപകനും ഉടയവനുമായ കർത്താവായ യേശുക്രിസ്തു നൽകിയ അധികാരം ഉപയോഗിച്ച് 'ദണ്ഡവിമോചനം' നൽകിവരുന്നു! ദണ്ഡവിമോചനം പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള ദിവസം നല്കപ്പെട്ടിട്ടുള്ള നിർദേശങ്ങൾ കൃത്യമായി പാലിച്ചാൽ ഏതൊരു കൊടിയ പാപിക്കും പരിപൂർണ വിശുദ്ധി പ്രാപിക്കാവുന്നതും (ജീവിച്ചിരിക്കുമ്പോഴോ മരണ ശേഷമോ സ്വന്തം പ്രവർത്തികളുടെ പരിണിത ഫലമായി അനുഭവിക്കേണ്ടുന്ന കാലിക ശിക്ഷകൾ അനുഭവിക്കാതെ തന്നെ) മരണശേഷം നേരിട്ട് സ്വർഗത്തിൽ എത്തിച്ചേരാവുന്നതും ആണ്.
2023 ജൂലൈ 23 ഞായറാഴ്ച കത്തോലിക്കാ തിരുസഭ മുത്തച്ഛന്മാരുടെയും മുത്തച്ചിമാരുടെയും വയോധികരുടെയും ദിനം ആചരിക്കുന്നു. (ജൂലൈ മാസം 26 നു ദൈവമാതാവിന്റെ അമ്മയായ വിശുദ്ധ അന്നമ്മയുടെയും അപ്പനായ വിശുദ്ധ യോവാക്കീമിന്റെയും (St Joachim) (അതായതു നമ്മുടെ കർത്താവായ ഈശോ മിശിഹായുടെ വല്യപ്പച്ചന്റേയും വല്യമ്മച്ചിയുടേയും) തിരുന്നാളിന് അടുത്തുവരുന്ന 4-ആം ഞായറാഴ്ചയാണ് മുത്തച്ഛന്മാരുടെ/വയോധികരുടെ ദിനം ആഘോഷിക്കുന്നത്). 2021 മുതലാണ് ഫ്രാൻസിസ് മാർപാപ്പ World Grandparents Day കത്തോലിക്കാ തിരുസഭയിൽ ആചരിക്കാൻ ആഹ്വാനം ചെയ്തത്.
ഈ പൂർണ ദണ്ഡവിമോചനം സ്വായത്തമാക്കാൻ നാം ചെയ്യേണ്ടുന്നവ:
1. ഒരുക്കത്തോടെയുള്ള നല്ല കുമ്പസാരം നടത്തുക (ഇന്നേ ദിവസം കുമ്പസരിക്കാൻ സൗകര്യപ്പെടാത്തവർ അനുതപിക്കുക, ഏറ്റവും അടുത്ത് സാധിക്കുന്ന ദിവസം കുമ്പസാരിക്കുക)
2. വിശുദ്ധ കുർബാനയിൽ ഭക്തിയോടെ സംബന്ധിച്ചു ദിവ്യകാരുണ്യം സ്വീകരിക്കുക
3. മാർപാപ്പയുടെ നിയോഗത്തിനുവേണ്ടി 1 സ്വർഗ്ഗ 1 നന്മ 1 ത്രിത്വ ചൊല്ലുക.
4. സ്വന്തം വല്യപ്പന്മാരെയോ വല്യമ്മമാരെയോ രോഗികളായ വയസ്സായവരെയോ സന്ദർശിക്കുക, സ്നേഹത്തോടെ സംസാരിക്കുക, സാധിക്കുന്ന ശ്രുശൂഷകൾ ചെയ്യുക.
നാം ഇപ്പോൾ ജീവിച്ചിരിക്കുന്ന ഈ സമയം തന്നെ പരിപൂർണ ദണ്ഡവിമോചനം നേടാൻ മറക്കരുതേ.... ഇതിന്റെ വില നമുക്ക് ഇപ്പോൾ ഊഹിക്കാൻ പറ്റുന്നതിലും വളരെ വളരെ അധികമാണ്!