Showing posts with label Consecrating the nation to Fatima Mother. Show all posts
Showing posts with label Consecrating the nation to Fatima Mother. Show all posts

Tuesday, June 4, 2024

Mathavinte Vimala Hridaya Prathishta Japam (family)

 

പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിനു നമ്മെയും നമ്മുടെ മക്കളെയും പ്രീയപ്പെട്ടവരെയും നാടിനെയും പ്രതിഷ്ഠിക്കേണ്ടത്, മുൻപ് എന്നത്തേക്കാളും അധികമായി ഈ കാലഘട്ടത്തിൽ വളരെ അത്യാവശ്യമായ ഒരു കാര്യമാണെന്ന് എല്ലാവരുംതന്നെ മനസ്സിലാക്കികൊണ്ടിരിക്കുന്നു.  എന്തുകൊണ്ടെന്നാൽ കാലം അതിന്റെ തികവിലേക്കു എത്തുകയാണെന്നു മനസ്സിലാക്കിയ സാത്താൻ, കുടുംബങ്ങളെയും കുഞ്ഞുങ്ങളെയും തകർക്കുക വഴി തിരുസഭയെ തകർക്കാമെന്നും, അങ്ങനെ നമ്മുടെ കർത്താവു വളരെ വലിയെ വില കൊടുത്തു വീണ്ടെടുത്ത ആത്മാക്കളെ അനായാസം  നശിപ്പിക്കാമെന്നും കരുതുന്നു. അതിനായി പ്രയത്നിക്കുന്നു! കുഞ്ഞുങ്ങളെയും യുവതലമുറയെയും തകർക്കുന്നതിനായി മൊബൈൽ ആപ്പ്സ്, ഗെയിംസ്, ഇന്റർനെറ്റ്, സാമൂഹ്യ മാധ്യമങ്ങൾ, മദ്യം, മയക്കുമരുന്ന്, അവിഹിത ലൈംഗിക ബന്ധം മുതലായവ സുലഭമാക്കാനും നിയമാനുസൃതമാക്കാനും സാത്താൻ നിർമ്മാതാക്കളെയും ഭരണാധികാരികളെയും ഉപയോഗിക്കുന്നു!

പരിശുദ്ധ ദൈവമാതാവിന്റെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കപ്പെട്ടവർ ആരും തന്നെ ഒരിക്കലും നശിച്ചുപോകുകയില്ലെന്നുള്ള വസ്തുത അനേകം വിശുദ്ധർ സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ്. പരിശുദ്ധ മാതാവ് തന്റെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കപ്പെട്ട മക്കൾക്ക് പാപബോധവും, പശ്ചാത്താപവും വിശുദ്ധ ജീവിതം നയിക്കാനുള്ള ആഗ്രഹവും ഉണ്ടാകുവാൻ വേണ്ടുന്ന കൃപ ധാരാളമായി നൽകും. തന്റെ വിമല ഹൃദയത്തിന് സമർപ്പിക്കപ്പെട്ട ആത്മാക്കളെ വിശുദ്ധീകരിച്ചു യോഗ്യമാക്കി കർത്താവീശോ മിശിഹായുടെ ഏറ്റവും പരിശുദ്ധ തിരുഹൃദയത്തിനു അമ്മ സർപ്പിച്ചുകൊള്ളും! 

അതുകൊണ്ടു ഉപേക്ഷയോ മടിയോ വിചാരിക്കാത്, പിന്നെ ചെയ്യാം എന്ന് നീട്ടി വെയ്കാതെ ഏറ്റവും അടുത്ത് വരുന്ന മാതാവിന്റെ തിരുന്നാളിന് 33 ദിവസം മുൻപായി വിമലഹൃദയ ഒരുക്ക പ്രാർത്ഥനകൾ ആരംഭിച്ചു തിരുന്നാൾ ദിവസം വിമലഹൃദയ പ്രതിഷ്ഠ നടത്തണമേ.... 

33 ദിവസത്തെ വിമലഹൃദയ ഒരുക്ക പ്രാർത്ഥനകൾ തുടങ്ങുവാനുള്ള ദിവസങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു.

പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കുന്ന പ്രാർത്ഥന:

അമലോത്ഭവയും, ഏറ്റവും മഹത്വമുള്ള കന്യകയും, കരുണയുടെ മാതാവും, സ്വർഗ്ഗത്തിന്റെ രാജ്ഞിയും, പാപികളുടെ സങ്കേതവുമായ പരിശുദ്ധ മറിയമേ, എന്നേയും എന്റെ കുടുംബത്തെയും, കുടുംബാംഗങ്ങളെയും, പ്രീയപ്പെട്ടവരെയും, കൂട്ടായ്മയേയും, തിരുസഭയേയും എന്റെ മാതൃരാജ്യത്തേയും അമ്മയുടെ വിമല ഹൃദയത്തിലേക്ക് ഞാൻ (ഞങ്ങൾ) പ്രതിഷ്ഠിക്കുന്നു (പുതുക്കുന്നു).  എന്റെ (ഞങ്ങളുടെ) ജീവിതവും എനിക്കുള്ളതെല്ലാമും ഞാൻ എന്തായിരിക്കുന്നുവോ   അതെല്ലാം അങ്ങേക്കു പ്രതിഷ്ഠിക്കുന്നു. എന്റെ ശരീരത്തെയും മനസ്സിനെയും ഹൃദയത്തെയും ആത്മാവിനെയും അവയവങ്ങളെയും അമ്മക്കു ഞാൻ നൽകുന്നു. എന്റെ ക്രൈസ്തവ ദൈവവിളിയെ അമ്മയെ ഞാൻ ഭരമേൽപ്പിക്കുന്നു. അമ്മയുടെ സംവിധാനമനുസരിച്ചു എന്നെ (ഞങ്ങളെ) നിത്യജീവിതത്തിലേക്കു നയിക്കണമേ. ക്രൈസ്തവ പുണ്യങ്ങളുടെ, വിശിഷ്യാ സ്നേഹത്തിന്റെയും ക്ഷമയുടെയും എളിമയുടെയും അനുസരണത്തിന്റെയും ശുദ്ധതയുടെയും അഭ്യസനത്തിന് എല്ലാവർക്കും മാതൃകയാകത്തക്കവണ്ണം സുവിശേഷം അനുസരിച്ചുള്ള ഒരു ജീവിതം നയിച്ചുകൊള്ളാമെന്നും അമ്മയുടെ വിമലഹൃദയത്തോടുള്ള ഭക്തി പ്രചരിപ്പിക്കുന്നതിന് സർവാത്മനാ പ്രയത്നിക്കാമെന്നും ഞാനിതാ വാഗ്‌ദാനം ചെയ്യുന്നു.

ഓ അമലോത്ഭവയേ, പരിശുദ്ധിയുടെ സമ്പൂർണ മാതൃകയേ, ഈശോമിശിഹാക്കു പ്രീതികരമായി ജീവിക്കാമെന്ന പ്രത്യാശ എനിക്ക് നൽകുകയും അതിൽ എന്നെ ജീവിതാവസാനം വരെ നിലനിറുത്തുകയും ചെയ്യണമേ.   

പരിശുദ്ധാത്മാവേ വരണമേ. അങ്ങയുടെ ഇഷ്ട ദാസിയായ പരിശുദ്ധ കന്യാമറിയത്തിന്റെ വിമലഹൃദയത്തിന്റെ ശക്തമായ മധ്യസ്ഥതയിൽ എന്നിലേക്ക്‌ (ഞങ്ങളിലേക്ക്, തിരുസഭയിലേക്ക്, ലോകം മുഴുവനിലേക്ക്) എഴുന്നള്ളി വരണമേ. ആമേൻ.

(ഈ ജപം സാധിക്കുമെങ്കിൽ എല്ലാ ദിവസവും പ്രാർത്ഥിക്കേണ്ടുന്നതാണ്.)