Showing posts with label Exaltation of the Holy CROSS. Show all posts
Showing posts with label Exaltation of the Holy CROSS. Show all posts

Thursday, September 17, 2020

മാർ സ്ലീവായുടെ പുകഴ്‍ച: ഏലിയാ-സ്ലീവാ-മൂശ കാലം: യുഗാന്ത്യം, നിത്യ വിധി:

 സിറോ മലബാർ കത്തോലിക്കാ സഭയുടെ ആരാധനാ കലണ്ടറിൽ ഇപ്പോൾ (സെപ്റ്റംബർ മാസം മുതൽ) ഏലിയാ-സ്ലീവാ-മൂശ കാലം ആചരിക്കുന്നു. എല്ലാ വർഷവും സെപ്തംബർ 14-ന് ആഗോള കത്തോലിക്കാ സഭ ആഘോഷിക്കുന്ന വിശുദ്ധ കുരിശിന്റെ (മാർ സ്ലീവായുടെ) പുകഴ്ചയുടെ തിരുന്നാൾ ആണ് ഈ കാലത്തിന്റെ കേന്ദ്ര ബിന്ദു! 

യുഗാന്ത്യത്തെ സൂചിപ്പിക്കുന്ന കാലമാണ് ഏലിയാ-സ്ലീവാ-മൂശ കാലം. ഈശോ മിശിഹായുടെ പരിശുദ്ധ കുരിശു (കർത്താവു തന്നെ) നടുവിൽ വരത്തക്ക വിധം ഈ കാലം ക്രമീകരിച്ചിരിക്കുന്നു. അനുതാപ നിർഭരമായ ഒരു ആന്മീയ അന്തരീക്ഷമാണ് ഈ കാലത്തു വിശ്വാസികളിൽ ദൃശ്യമാകേണ്ടത്!  

ഈശോ മിശിഹായുടെ രണ്ടാമത്തെ വരവിനു മുൻപ്, ഏലിയാ പ്രവാചകൻ വന്ന്, നാശത്തിന്റെ സന്തതിക്കു അവന്റെ തെറ്റ് ബോധ്യപ്പെടുത്തിക്കൊടുക്കുമെന്നു ആദിമ സഭ വിശ്വസിച്ചിരുന്നു. കൂടാതെ നാശപുത്രനുമായി ഏറ്റുമുട്ടി അവനെ പരാജയപ്പെടുത്തുന്നതിനായി ഏലിയാ നിവ്യ വരുമെന്നായിരുന്നു പരക്കെയുള്ള വിശ്വാസവും. 

മലാക്കി പ്രവാചകന്റെ ഗ്രന്ഥത്തിൽ (Mal 4:5-6) ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു. "ഇതാ കർത്താവിന്റെ ഭയാനകമായ വലിയ ദിവസം വരുന്നതിനു മുൻപ്, ഞാൻ ഏലിയാ നിവ്യയെ ഭൂമിയിലേക്ക് അയയ്ക്കും. ഇത് ഞാൻ വന്ന് നാശത്തിനായി ഭൂമിയെ പ്രഹരിക്കുന്നതിനു മുമ്പേ, അദ്ദേഹം വന്ന് പിതാക്കന്മാരുടെ ഹൃദയങ്ങളെ മക്കളുടെ പക്കലേക്കും മക്കളുടെ ഹൃദയങ്ങളെ പിതാക്കന്മാരുടെ നേർക്കും തിരിക്കുവാൻ വേണ്ടിയാകുന്നു!

താബോർ മലയിൽ വച്ചുള്ള നമ്മുടെ കർത്താവായ ഈശോ മിശിഹായുടെ രൂപാന്തരീകരണ വേളയിൽ നിവ്യന്മാരായ ഏലിയായും മോശയും കർത്താവിനോടൊപ്പം ഉണ്ടായിരുന്നത് ഈശോ മിശിഹായുടെ രണ്ടാമത്തെ വരവിന്റെ പ്രതീകമായിക്കണ്ട്‌ ഏലിയാ സ്ലീവാ മൂശ കാലങ്ങൾ രൂപപ്പെടുത്തുവാൻ പ്രേരകമാകുകയും ചെയ്തു. അങ്ങനെ ഈ കാലങ്ങൾ കർത്താവിന്റെ രണ്ടാമത്തെ ആഗമനവും വിശുദ്ധ കുരിശിന്റെ ശക്തിയും വിജയവുമാണ് പ്രഘോഷിക്കുന്നത്.  

അങ്ങനെ ഈശോ തമ്പുരാന്റെ രണ്ടാമത്തെ ആഗമനത്തെ ധ്യാനിച്ച് കൊണ്ട് സ്വർഗത്തെ ലക്ഷ്യമാക്കി നീങ്ങാൻ സഭാ മക്കളെ ഒരുക്കുന്ന കാലഘട്ടമാണ് ഏലിയാ-സ്ലീവാ-മൂശ കാലം. എല്ലാ മനുഷ്യരും നേരിടേണ്ടുന്ന അന്ത്യത്തെയും, ലോകത്തിനു തന്നെ സംഭവിക്കാനിരിക്കുന്ന അവസാനത്തെയും പറ്റി ചിന്തിക്കുവാനും, അവസാന വിധിയിൽ നല്ലവരോടൊപ്പം നിത്യ വിധിയാളന്റെ വലതു ഭാഗത്തു നിൽക്കുവാൻ സാധിക്കത്തക്ക വിധം ഇപ്പോൾ തന്നെ പാപങ്ങളെയോർത്തു ആത്മാർഥമായി അനുതപിക്കുവാനും ജീവിതത്തെ വേണ്ടവിധം ക്രമീകരിക്കുവാനും വളരെ തീഷ്ണമായി പരിശ്രമിക്കേണ്ടുന്ന കാലമാണ് ഏലിയാ-സ്ലീവാ-മൂശ കാലം.  

നമ്മുടെ രക്ഷയുടെ അടയാളമായ വിശുദ്ധ കുരിശിന്റെ ശക്തിയാൽ പ്രലോഭനങ്ങളെ എല്ലാം അതിജീവിച്ചു സത്യത്തിന്റെയും നീതിയുടെയും വിശുദ്ധിയുടെയും മാർഗത്തിൽ ജീവിച്ചു ലോകാവസാനത്തിൽ കർത്താവിനെ ആനന്ദത്തോടെ എതിരേൽക്കാൻ എല്ലാ വിശ്വാസികൾക്കും സാധിക്കാനായി വളരെ ഗൗരവമായും തീഷ്ണമായും ഒരുങ്ങാം. അതിനു വേണ്ടുന്ന കൃപയും സഹായവും പരിശുദ്ധ അമ്മയുടെ ജപമാല പ്രാർത്ഥന മുടങ്ങാതെ ചൊല്ലുക വഴിയായി വളരെ എളുപ്പത്തിൽ നേടാം.

ദൈവം എല്ലാവരെയും അനുഗ്രഹിക്കുമാറാകട്ടെ!