പരിശുദ്ധാരൂപിക്ക് പ്രതിഷ്ഠാജപം
പരിശുദ്ധ ത്രിത്വത്തിൻ്റെ മൂന്നാമാളും, പിതാവിൽനിന്നും പുത്രനിൽനിന്നും പുറപ്പെടുന്നവനും, എല്ലാത്തിലും അവർക്കു തുല്ല്യനും സത്യത്തിൻ്റേയും സ്നേഹ ത്തിൻ്റെയും അരൂപിയുമായ റൂഹാദ്ക്കുദശാതമ്പുരാനെ, എത്രയും വലിയ എളിമവണക്കത്തോടുകൂടി അങ്ങയെ ഞാനാരാധിക്കുന്നു. മാലാഖമാരിൽ നിന്നും പരിശുദ്ധന്മാരിൽ നിന്നും അങ്ങ് കൈക്കൊള്ളുന്ന സ്തുതിയാരാധനകളോട് എൻ്റേതിനേയും ചേർത്ത് അങ്ങയെ ഞാൻ വാഴ്ത്തുന്നു. അങ്ങ് ലോകത്തിനു നല്കിയതും നിരന്തരം നല്കിവരുന്നതുമായ എല്ലാ മനോഗുണങ്ങളെപ്രതിയും ഹൃദയ പൂർവ്വം അങ്ങേക്ക് ഞാൻ സ്തോത്രം ചൊല്ലുന്നു.
എൻ്റെ ഓർമ്മ, ബുദ്ധി, മനസ്സ്, ഹൃദയം മുതലായി എനിക്കുള്ളതെല്ലാം ഇന്നും എന്നേയ്ക്കുമായി അങ്ങേക്ക് ഞാൻ കാഴ്ച വയ്ക്കുന്നു. എൻ്റെ മുഴുവൻ ഹൃദയത്തോടുകൂടി അങ്ങയെ ഞാൻ സ്നേഹിക്കുന്നു. അങ്ങ് എല്ലാ നന്മകളുടെയും ദാനങ്ങളുടെയും കാരണഭൂതനാകുന്നു. അങ്ങ് അങ്ങയുടെ എല്ലാ വരപ്രസാദങ്ങളോടുംകൂടി എന്നെ സന്ദർശിക്കേണമെ. അങ്ങയുടെ സ്വർഗ്ഗീയപ്രേരണകൾക്കും, അങ്ങ് ഭരിച്ചു നടത്തുന്ന വിശുദ്ധസഭയുടെ ഉപദേശങ്ങൾക്കും എൻ്റെ മനസ്സ് എപ്പോഴും അനുസരണയുള്ളതായിരിക്കട്ടെ. ദൈവസ്നേഹത്താലും പരസ്നേഹത്താലും എൻ്റെ ഹൃദയം എപ്പോഴും എരിയട്ടെ. ദൈവതിരുമനസ്സിനോട് എൻ്റെ മനസ്സ് എല്ലാക്കാര്യങ്ങളിലും അനുരൂപമായിരിക്കട്ടെ.
എൻ്റെ ജീവിതം മുഴുവനും ഈശോമിശിഹായുടെ ജീവിതത്തിൻ്റേയും പുണ്യങ്ങളുടെയും വിശ്വസ്ത അനുകരണമായിരിക്കട്ടെ. എൻ്റെ അന്തസ്സിൻ്റെ കടങ്ങൾ നിറവേറ്റുവാനുള്ള വശങ്ങളും പുണ്യങ്ങളും അങ്ങ് എനിക്കു തരേണമെ. വിശ്വാസവും ശരണവും ഉപവിയും എന്നിൽ വർദ്ധിപ്പിക്കേണമെ. നല്ല വ്യാപാരത്തിനുള്ള പ്രധാന പുണ്യങ്ങളും, അങ്ങയുടെ ഏഴു ദിവ്യദാനങ്ങളും, പന്ത്രണ്ടു ഫലങ്ങളും എനിക്കു അങ്ങ് നല്കേണമെ. ഞാൻ പരീക്ഷയിൽ ഉൾപ്പെടുവാൻ ഒരുനാളും അങ്ങ് അനുവദിക്കല്ലെ. പിന്നെയോ, ഇന്ദ്രിയങ്ങൾക്കു ജ്ഞാനപ്രകാശം നല്കി, എനിക്കു വഴികാട്ടിയായിരുന്ന്, സകല തിന്മയിൽനിന്നും ഞാൻ ഒഴിവാൻ കൃപചെയ്തരുളണമേ.
ഈ അനുഗ്രഹങ്ങളെല്ലാം എനിക്കും, ആർക്കെല്ലാം വേണ്ടി ഞാനപേക്ഷിപ്പാൻ അങ്ങ് തിരുമനസ്സായിരിക്കുന്നുവോ അവർക്കും അങ്ങ് നല്കിയരുളണമേ. അങ്ങ് വഴിയായ് പിതാവിനെയും പുത്രനെയും ഇവരിരുവരുടേയും അരൂപിയായ അങ്ങയേയും ഞങ്ങൾ അറിഞ്ഞ് സ്നേഹിച്ച്, ഇപ്പോഴും എപ്പോഴും നിങ്ങൾക്കു സ്തോത്രം പാടുവാൻ അങ്ങ് അനുഗ്രഹം ചെയ്യണമെ എന്ന് ഞങ്ങളുടെ കർത്താവീശോമിശിഹാവഴിയായി അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.
ആമ്മേൻ.