"പരിശുദ്ധ അമ്മയുടെ ഉപകാര സഹായം അപേക്ഷിച്ചു പ്രാർത്ഥിച്ച ആരെയും തന്നെ അമ്മ കൈവിട്ടതായി ഈ ലോകത്തിൽ ഇതുവരെ കേൾക്കപ്പെട്ടിട്ടില്ല എന്ന് ഓർക്കണമേ".
കാലാകാലങ്ങളായി കത്തോലിക്കാ തിരുസഭാ മക്കൾ പരിശുദ്ധ ദൈവ മാതാവിനോട് സഹായത്തിനായി "എത്രയും ദയയുള്ള മാതാവേ..." എന്ന ജപം പ്രാർത്ഥിക്കുമ്പോൾ ഈ അനുഭവ സാക്ഷ്യ വാക്കുകൾ എടുത്തു പറഞ്ഞാണ് പ്രാർത്ഥിക്കുന്നത്. ഇന്നേവരെ ഇതിനു ഭംഗം വന്നിട്ടിലില്ല. അനുദിനം ആയിരമായിരം അല്ഫുത സാക്ഷ്യങ്ങളാണ് പരിശുദ്ധ കന്യാ മാതാവിന്റെ ഇടപെടലുകൾ വഴി നേടിയതായി നാം കാണുകയും കേൾക്കുകയും ചെയ്തുകൊണ്ടിരിക്കുന്നത്.
2021 മെയ് 16 നു ഇന്ത്യയിൽ ആഞ്ഞടിച്ച ടൗക് ട്ടേ (tauktae) കൊടുങ്കാറ്റു വൻ നാശനഷ്ടങ്ങളും ജീവ ഹാനിയും വിതച്ചതായി നാമെല്ലാവരും പത്ര മാധ്യമങ്ങൾ വഴി കണ്ടു. ആ ചുഴലിക്കാറ്റ് മുംബൈയിൽ രണ്ടു കപ്പലുകളെ സമുദ്രത്തിൽ മുക്കി അതിലുള്ള ജീവനക്കാരെ കടലിൽ ആഴ്ത്തി അവരുടെ ജീവിതങ്ങൾ അപഹരിച്ച ദുഃഖ വാർത്ത നാമെല്ലാവരും വേദനയോടു കേട്ടതാണ്!
എന്നാൽ ഈ വിഷമത്തിനിടയിലും പരിശുദ്ധ അമ്മയുടെ ഭക്തരായ മക്കൾക്ക് ആശ്വാസവും സന്തോഷവും വിശ്വാസവും പകരുന്ന ഒരു വാർത്തയാണ് ഇവിടെ കൊടുത്തിരിക്കുന്ന വിഡിയോയിൽ നാം കാണുന്നത്.
വരപ്രദ (Varapradha) എന്ന കപ്പലിലെ ഉദ്യോഗസ്ഥനായ ഫ്രാൻസിസ് കെ സൈമൺ എന്ന കൊച്ചി അരൂർ സ്വദേശിയായ എഞ്ചിനീയർ ചുഴലിക്കാറ്റും തിരമാലകളും കപ്പലിനെ അടിച്ചു തകർത്തപ്പോഴും കൂടെയുണ്ടായിരുന്ന 12 കപ്പൽ ജീവനക്കാരോടൊപ്പം പ്രക്ഷുബ്ധമായ കടലിൽ ചാടിയപ്പോഴും മുറുകെ പിടിച്ചിരുന്നത് പരിശുദ്ധ ജപമാലയാണ്. കപ്പിത്താനുൾപ്പെടെ മൊത്തമുള്ള 13 ൽ 11 പേരെയും കടൽ വിഴുങ്ങിയപ്പോഴും പരി അമ്മയുടെ ഭക്തനായ ഫ്രാൻസിസ് പരിശുദ്ധ അമ്മയിൽ ഉറച്ചു പ്രത്യാശിച്ചു ജപമാലയിൽ മുറുകെ പിടിച്ചു സമുദ്ര ജലത്തിൽ ഒഴുകിനടന്നു.
ചെറുപ്പം മുതലേ പരിശുദ്ധ വല്ലാർപാടം ദൈവ മാതാവിന്റെ ഭക്തിയിൽ അദ്ദേഹത്തെ വളർത്തിയ അദ്ദേഹത്തിന്റെ അമ്മയെ പ്രത്യേകം പ്രശംസിക്കുന്നതോടൊപ്പം ഈ കാലഘട്ടത്തിൽ മക്കളിൽ ദൈവ മാതൃ ഭക്തി അരക്കിട്ടുറപ്പിക്കുന്നതിൽ മാതാപിതാക്കൾ എടുക്കേണ്ടുന്ന ശ്രദ്ധയെക്കുറിച്ചും നമ്മളെ ബോധവാന്മാരാക്കുന്നു!