33 ദിവസത്തെ വിമലഹൃദയ ഒരുക്ക പ്രാർത്ഥനകൾ തുടങ്ങുവാനുള്ള ദിവസങ്ങൾ ചുവടെ ചേർക്കുന്നു:
പരിശുദ്ധ ദൈവമാതാവിന്റെ തിരുന്നാൾ ദിനങ്ങളിലാണ് അമ്മയുടെ വിമലഹൃദത്തിനു പ്രതിഷ്ഠ നിർവഹിക്കുന്നത്. അങ്ങനെ പ്രതിഷ്ഠിക്കപ്പെടാൻ താല്പര്യം ഉള്ളവർ അതാതു തിരുന്നാളുകളുടെ 33 ദിവസങ്ങൾക്കു മുൻപ് മുതൽ പ്രതിഷ്ഠക്കു ഉള്ള ചില ഒരുക്ക പ്രാർത്ഥനകളും ആത്മീയ തയ്യാറെടുപ്പുകളും തുടങ്ങേണ്ടുന്നതാണ്.
ഒരുപക്ഷെ ചിലർക്ക് തോന്നിയേക്കാം, അല്ലെങ്കിൽ ചിലർ ചോദിച്ചേക്കാം എന്തിനാണ് പരിശുദ്ധ മറിയത്തിനു നമ്മേ പ്രതിഷ്ഠിക്കുന്നത്, നേരിട്ട് യേശു കർത്താവിനു പ്രതിഷ്ഠിച്ചാൽ പോരെ യെന്നു? കർത്താവായ യേശുക്രിസ്തു പാടുപീഡകൾ സഹിച്ചു, കുരിശുമരണം വരിച്ചു തന്റെ അമൂല്യമായ പരിശുദ്ധ രക്തവും ജീവനും വിലയായികൊടുത്തു വീണ്ടെടുത്ത/വാങ്ങിയ ഓരോ മനുഷ്യനും അവിടുത്തെ സ്വന്തമാണ്, അവിടുത്തേക്ക് മുഴുവനായി പ്രതിഷ്ഠിക്കേണ്ടുന്നവർ തന്നെയാണ്...!
എന്നാൽ കർത്താവായ ഈശോയുടെ പരിശുദ്ധ തിരുഹൃദയത്തിനു പ്രതിഷ്ഠിക്കുവാൻ കർത്താവുതന്നെ നമുക്ക് നൽകിയ തന്റെ സ്വന്തം പരിശുദ്ധ അമ്മയുടെ സഹായം തേടാവുന്നതാണ്. ഒരു വ്യക്തി, പരിശുദ്ധ മറിയത്തിന്റെ വിമല ഹൃദയത്തിനു താൻ ആയിരിക്കുന്ന അവസ്ഥയിൽ പ്രതിഷ്ഠിച്ചാൽ, പരിശുദ്ധ കന്യകാ മാതാവ് ആ വ്യക്തിയെ വിശുദ്ധീകരിച്ചു തന്റെ മകനും മാനവരക്ഷകനുമായ ഈശോമിശിഹായുടെ തിരുഹൃദയത്തിൽ സുരക്ഷിതമായി പ്രതിഷ്ഠിച്ചുകൊള്ളും. ചുരുക്കി പറഞ്ഞാൽ, പരിശുദ്ധ കന്യകാമാതാവിന്റെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കപ്പെടുന്ന ഓരോ വ്യക്തിയും ഈശോമിശിഹായുടെ തിരുഹൃദയത്തിനുതന്നെയാണ് ആത്യന്തികമായി പ്രതിഷ്ഠിക്കപ്പെടുന്നത്!