Showing posts with label covid-19 prayer. Show all posts
Showing posts with label covid-19 prayer. Show all posts

Wednesday, June 9, 2021

Prayer for Protection from contagious diseases and natural disasters

 പ്രകൃതി ദുരിതങ്ങളിൽ നിന്നും മഹാമാരികളിൽനിന്നും സംരക്ഷണം ലഭിക്കാനുള്ള ഒരു ഫലപ്രദമായ അത്ഭുത പ്രാർത്ഥന. ഇത് ഭക്തിയോടും  വിശ്വാസത്തോടും ചൊല്ലുന്നവർ സുരക്ഷിതരായിരിക്കും.

പ്രാർത്ഥന.

"അവൻ എന്റെ നാമം അറിയുന്നതുകൊണ്ടു ഞാൻ അവനെ സംരക്ഷിക്കും" എന്നും "നിന്റെ പാർശ്വങ്ങളിൽ ആയിരങ്ങളും, നിന്റെ വലതു വശത്തു പതിനായിരങ്ങളും മരിച്ചു വീണേക്കാം - എങ്കിലും നിനക്ക് ഒരു അനർത്ഥവും സംഭവിക്കുകയില്ല" എന്നും 91 -ആം സങ്കീർത്തനത്തിലൂടെ വാഗ്ദാനം ചെയ്ത പ്രപഞ്ച നാഥനായ ദൈവമേ, ഭൂമി മുഴുവന്റെയും കർത്താവു എന്ന നാമമുള്ളവനേ, അങ്ങയുടെ പാദപീഠമായ  ഈ ഭൂമി ഞങ്ങൾക്ക് വാസ സ്ഥലമായി നൽകിയതിന് നന്ദി പറയുന്നു. 

സീലോഹായിൽ ഗോപുരം ഇടിഞ്ഞുവീണ് പതിനെട്ടുപേർ കൊല്ലപ്പെട്ടതിനെ പരാമർശിച്ചുകൊണ്ട് 'പശ്ചാത്തപിക്കുന്നില്ലെങ്കിൽ നിങ്ങളെല്ലാവരും അതുപോലെ നശിക്കും' എന്നരുൾചെയ്ത യേശുനാഥാ, പ്രകൃതി ക്ഷോഭങ്ങളും ഭൂമികുലുക്കവും വെള്ളപ്പൊക്കവും പകർച്ച വ്യാധികളും പാപജീവിതം ഉപേക്ഷിക്കുവാനും, പശ്ചാത്തപിച്ചു ദൈവത്തിലേക്ക് തിരിയുവാനുമുള്ള ഒരു മുന്നറിയിപ്പായി കാണാൻ എല്ലാവർക്കും കൃപ നൽകണമേ. 

'നിന്റെ സഹോദരന്റെ രക്തം കുടിക്കാൻ വാ പിളർന്ന ഭൂമിയിൽ നീ ശപിക്കപ്പെട്ടവനായിരിക്കും' എന്നരുളിചെയ്ത കർത്താവേ, ഗർഭച്ഛിദ്രവും കൊലപാതകവും മൂലം ഈ ഭൂമിയിൽ ഇന്നേ വരെ ചൊരിയപ്പെട്ട കോടാനുകോടി നിഷ്കളങ്ക ജീവിതങ്ങളുടെ രക്തത്തിനു ഞങ്ങൾ മാപ്പപേക്ഷിക്കുന്നു. അങ്ങ് കാറ്റിനെ ശാസിച്ചപ്പോൾ കടൽ ശാന്തമായല്ലോ. ശാസിക്കേണ്ടതിനെ ശാസിക്കുകയും ശാന്തമാക്കേണ്ടതിനെ ശാന്തമാക്കുകയും ചെയ്യണമേ. 

കർത്താവേ, അങ്ങ് ഭൂമി മുഴുവന്റെയും അധിപനാണ്. എന്റെ കാൽ വഴുതാൻ പോലും സമ്മതിക്കാത്ത എന്റെ ദൈവമേ, അങ്ങയുടെ പരിപാലനയിലുള്ള വിശ്വാസം ഞാൻ ഏറ്റു പറയുന്നു. സർവ ശക്തനായ അങ്ങേക്ക് അസാധ്യമായി ഒന്നുമില്ല. ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സമസ്തവയും ഞങ്ങൾക്കായി സൃഷ്ട്ടിച്ച ദൈവമേ, എല്ലാ പ്രകൃതി ക്ഷോപങ്ങളെയും ശാസിച്ചു ശാന്തമാക്കണമേ. അങ്ങയുടെ ഉള്ളം കൈയിൽ എന്നെയും എന്റെ കുടുംബാംഗങ്ങളെയും, ബന്ധു മിത്രാതികളെയും, സകല മനുഷ്യരെയും കാത്തുകൊള്ളണമേ. യേശു കർത്താവിന്റെ തിരു രക്തത്തിന്റെ സംരക്ഷണം ഞങ്ങൾക്കും ഞങ്ങളുടെ ഭവനങ്ങൾക്കും വസ്തുവകൾക്കും നൽകണമേ. ആമേൻ. 

ദയവായി 91 -ആം സങ്കീർത്തനം ധ്യാനിച്ചുകൊണ്ട് വായിക്കുക.