Showing posts with label special guidelines to Sunday School teachers. Show all posts
Showing posts with label special guidelines to Sunday School teachers. Show all posts

Thursday, May 30, 2024

Loving instructions to Sunday School Teachers



 മതബോധനാധ്യാപകർക്ക് സ്നേഹപൂർവ്വം


വീണ്ടും ഒരു മതബോധനവർഷം കൂടി എത്തിയിരിക്കുന്നു. അധ്യാപകരും കുട്ടികളും മതബോധന മേഖലയിൽ സജീവമാകാൻ പോകുന്നു. ഈ സാഹചര്യത്തിൽ മതബോധനാധ്യാപകർക്ക് പ്രത്യേകം ശ്രദ്ധിക്കാവുന്ന ചില കാര്യങ്ങൾ പങ്കുവയ്ക്കുവാൻ ആഗ്രഹിക്കുന്നു.  

 💖 മതബോധനം തിരുസഭയുടെ അതിപ്രധാനമായ ആത്മരക്ഷാ പ്രവർത്തനമേഖലയാണ് എന്നതിനാൽ മാമ്മോദീസയിൽ തനിക്ക് ലഭിച്ച പ്രേക്ഷിത ദൗത്യം പൂർത്തിയാക്കുവാൻ ലഭിച്ചിരിക്കുന്ന സുവർണ്ണാവസരമാണ് മതബോധന അധ്യാപനം എന്ന് ഉറച്ച് വിശ്വസിക്കുക. 

💖 ഇത് ദൈവീകശുശ്രൂഷ ആയതിനാൽ ഭൂമിയിലെ മറ്റേത് ജോലികളേക്കാൾ ഉന്നതമാണ് ഇതെന്ന് തിരിച്ചറിഞ്ഞ് മതബോധന ശുശ്രൂഷയിൽ അഭിമാനമുള്ളവർ ആയിരിക്കുക. 

💖 കുട്ടികളോ അവരുടെ മാതാപിതാക്കളോ സഭാസമൂഹമോ തങ്ങൾക്ക് വേണ്ടത്ര ആദരവ് തന്നില്ലെങ്കിലും ദൈവത്തിനു മുമ്പിൽ തങ്ങളെ അതീവശ്രേഷ്ഠരാക്കുന്ന ഒരു പദവിയാണ് മതബോധനാധ്യാപനം എന്ന് തിരിച്ചറിയുക. 

💖 ഏകഗുരുവായ ഈശോയുടെ തുടർച്ചയായ, ലോകത്തിന്റെ ഗുരുനാഥയായ തിരുസഭയുടെ പ്രബോധനാധികാരത്തിൽ പങ്കുചേരുവാൻ സാധിക്കുന്നതിന്റെ സന്തോഷം അനുഭവിക്കുക. 

💖 ക്രിസ്തുവിന്റെ കൂടെ ആത്മരക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ എന്ന നിലയിൽ വളരെ ഗൗരവത്തോടെ, ഭയത്തോടും വിറയലോടും കൂടി കൈകാര്യം ചെയ്യേണ്ടതാണ് ഈ ശുശ്രൂഷ എന്ന തിരിച്ചറിവ് ഉണ്ടാകണം. 

💖 ലോകത്തുള്ള സകല ദരിദ്രരെയും ഭക്ഷണം കൊടുത്ത് തൃപ്തരാക്കുന്നതിനേക്കാൾ വലിയ കാര്യമാണ് ലോകത്തുള്ള ഒരാത്മാവിനെ ദൈവസ്നേഹത്തിലേക്ക് അല്പം കൂടിയെങ്കിലും ഉയർത്തുന്നത് എന്ന് വിശുദ്ധ ഫ്രാൻസിസ് ഡി സാലസിന്റെ പ്രബോധനം പരിഗണിക്കുമ്പോൾ കുറച്ചധികം കുട്ടികളെ ദൈവസ്നേഹത്തിൽ വളര്‍ത്തുവാൻ കഴിയുന്നതുവഴി താൻ ദൈവത്തിനു മുൻപിൽ എത്രയധികം സ്വീകാര്യൻ ആകുന്നു എന്ന് തിരിച്ചറിഞ്ഞ് ശുശ്രൂഷയിൽ തീഷ്ണതാപൂർവ്വം മുഴുകുവാൻ കഴിയണം. 

💖 കുറച്ചു കാര്യങ്ങൾ പഠിപ്പിക്കുക എന്നതിലുപരി ഈശോ എന്ന വ്യക്തിയെ സ്നേഹിപ്പിക്കുവാൻ പരിശീലിപ്പിക്കുകയാണ് ചെയ്യേണ്ടത് എന്ന അവബോധം സദാ ഉണ്ടാവണം. 

💖 നന്നായി പ്രാർത്ഥിച്ചൊരുങ്ങി സാധിക്കുമെങ്കിൽ കുമ്പസാരിച്ചൊരുങ്ങി ഓരോ ക്ലാസിലും പഠിപ്പിക്കുവാൻ കടന്നു ചെല്ലുന്നത് ഏറ്റവും അനുഗ്രഹപ്രദമായിരിക്കും. 

💖 താൻ പഠിപ്പിക്കുന്ന കുട്ടികളെ സമർപ്പിച്ച് ദിനവും പ്രാർത്ഥിക്കുകയും അവരുടെ ആത്മപരിപാലനം തന്റെ വലിയ ഉത്തരവാദിത്തമാണ് എന്ന മനോഭാവത്തിൽ ആയിരിക്കും ചെയ്യുക. 

💖 മദ്യപാനം, പുകവലി കത്തോലിക്കാ വിശ്വാസിൽ ആഴമില്ലായ്മ അയോഗ്യതയോടെയുള്ള പരിശുദ്ധ കുർബാനസ്വീകരണം തുടങ്ങിയ വിശ്വാസപരവും ധാർമികവുമായ പാപമേഖലകളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുന്നവർ ആയിരിക്കണം മതബോധന അധ്യാപകർ. കുട്ടികൾക്ക് മാതൃകയാകുവാൻ പരമാവധി ശ്രദ്ധിക്കേണ്ടതുണ്ട്. 

💖 തന്റെ ക്ലാസിലുള്ള കുട്ടികളുടെ വീടുകൾ സന്ദർശിക്കുന്നതും കുട്ടികളുടെ ആത്മീയ മേഖലയെ കുറിച്ചുള്ള കാര്യങ്ങൾ അവരുടെ മാതാപിതാക്കളെ അറിയിച്ച് അവരെയും മതബോധന വിഷയത്തിൽ ഉൾപ്പെടുത്തുന്നതും ഉചിതമായിരിക്കും. 

💖 സൗജന്യമായി ശുശ്രൂഷ ചെയ്യുന്നു എന്ന അഹംഭാവമോ നിസ്സംഗതയോ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. 

പുതിയ മതബോധന വർഷത്തിൽ എല്ലാ മതാധ്യാപകർക്കും ഏറെ സ്നേഹപൂർവ്വം പ്രാർത്ഥനകൾ നേരുന്നു. 

NB: ഈ സന്ദേശം നിങ്ങൾക്ക് പരിചയമുള്ള എല്ലാ മതബോധനാധ്യാപകരിലേക്കും പങ്കുവെക്കുവാൻ ശ്രദ്ധിക്കുമല്ലോ. 

Courtesy *ബിജു ഓഫ് മേരി ഇമ്മാക്കുലേറ്റ്.* (20ലധികം വർഷങ്ങളായി മതബോധനസംബന്ധമായ ധ്യാനങ്ങൾ നടത്തുന്ന വ്യക്തിയാണ് ലേഖകൻ)

https://www.youtube.com/@bijuofmaryimmaculate/