തിരുഹൃദയ വണക്കമാസ ജപവും പ്രാർത്ഥനയും: നാലാം ദിനം.
ജപം
ദയയും സ്നേഹവും നിറഞ്ഞ ഈശോമിശിഹായുടെ ദിവ്യഹൃദയമേ, അങ്ങയെ ഞാന്‍ ആരാധിക്കുന്നു. പൂര്‍ണ്ണഹൃദയത്തോടുകൂടെ അങ്ങയെ ഞാന്‍ സ്നേഹിക്കുന്നു. ഇത്രയധികമായി എന്നെ അങ്ങ് സ്നേഹിച്ചിരിക്കയാല്‍, ഇനിയെങ്കിലും അങ്ങയെ വേദനിപ്പിക്കാതിരിക്കേണ്ടത് എന്‍റെ കടമയായിരിക്കുന്നു. മാധുര്യപൂര്‍ണ്ണമായ ഈശോനാഥാ! അങ്ങയോടു ഞാന്‍ ചെയ്ത പാപങ്ങളെ ഓര്‍ത്ത് മനസ്താപപ്പെട്ട് ക്ഷമ യാചിക്കുന്നു. അനന്തക്ഷമാനിധിയായ നാഥാ, വിശുദ്ധ കുര്‍ബാനയില്‍ അങ്ങയോടു ചെയ്യുന്ന പാപങ്ങള്‍ക്കു പരിഹാരമായി എന്ത് ത്യാഗപ്രവൃത്തിയും ചെയ്യുവാന്‍ ഞാന്‍ സന്നദ്ധനാണ്. കൃപാനിധിയായ ഈശോനാഥാ, അങ്ങ് എനിക്കു ചെയ്തു തരുന്ന അസംഖ്യങ്ങളായ അനുഗ്രഹങ്ങള്‍ക്ക് നന്ദിയായി സകല മാലഖമാരുടെയും സ്വര്‍ഗ്ഗ വാസികളുടെയും ആരാധനാ സ്തുതി സ്തോസ്ത്രങ്ങളെ അങ്ങയ്ക്കു ഞാന്‍ കാഴ്ച വയ്ക്കുന്നു.
പ്രാർത്ഥന
കര്‍ത്താവേ, അങ്ങേ മണവാട്ടിയായ കത്തോലിക്കാ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങേ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കരുണയായിരിക്കണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ പരിശുദ്ധ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ, ഞങ്ങൾ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങേ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍.
സുകൃത ജപം
ശാന്തശീലനും വിനീതഹൃദയനുമായ ഈശോതമ്പുരാനേ! എന്‍റെ ഹൃദയവും അങ്ങേക്കു പ്രീതികരമായതു ആക്കണമേ.
No comments:
Post a Comment
You are Welcome to add your Comments, Opinions, Doubts, Queries and Prayers below. God Bless...!