തിരുഹൃദയ വണക്കമാസ ജപവും പ്രാർത്ഥനയും: രണ്ടാം ദിനം.
ജപം
ഏറ്റം സ്നേഹയോഗ്യനായ എന്‍റെ ഈശോ മിശിഹായേ, ഇതാ ഞാന്‍ അങ്ങേപ്പക്കല്‍ ഓടി വരുന്നു. അങ്ങേ ദിവ്യസന്നിധിയില്‍ ഞാനിതാ സാഷ്ടാംഗം വീണു ആരാധിക്കുന്നു. അനുഗ്രഹമുള്ള എന്‍റെ ഈശോയെ! എന്‍റെ സംശയങ്ങളിലും ആത്മശരീര വ്യാധികളിലും ആശ്വാസവും സന്തോഷവും അങ്ങേ ദിവ്യഹൃദയത്തിലും വാഗ്ദാനങ്ങളിലും അന്വേഷിക്കാതെ, സൃഷ്ടികളില്‍ ഞാൻ തേടിപ്പോയി. ഓ! മാധുര്യം നിറഞ്ഞ ഈശോയുടെ തിരുഹൃദയമേ! അങ്ങ് എന്‍റെ ഹൃദയത്തിന്‍റെ മൂഢത്വത്തെ നോക്കുമ്പോള്‍ എത്രമാത്രം വേദന അങ്ങേ ഹൃദയം അനുഭവിക്കുന്നു. ഓ! എന്‍റെ ഹൃദയമേ! കഠിനഹൃദയമേ! സൃഷ്ടികളില്‍ നിന്നു നിന്‍റെ താത്പര്യങ്ങളെ എല്ലാം നീക്കി നിന്‍റെ സ്രഷ്ടാവിന്‍റെ കരുണ നിറഞ്ഞ ഹൃദയത്തെ സ്നേഹിക്കുക. സകല നിക്ഷേപങ്ങളും അടങ്ങിയിരിക്കുന്ന ഈശോ മിശിഹായുടെ തിരുഹൃദയമേ! ഞാന്‍ അങ്ങെയെ സ്നേഹിക്കുന്നു, ആരാധിക്കുന്നു. ലോകത്തിലുള്ള സകല നന്മകളെക്കാളും സ്വര്‍ഗ്ഗത്തിലുള്ള സകല ഭാഗ്യങ്ങളെക്കാളും അങ്ങേ ദിവ്യഹൃദയത്തെ ഞാന്‍ ഏറ്റവും അധികമായി സ്നേഹിക്കുന്നു. കര്‍ത്താവേ! അങ്ങയുടെ വാഗ്ദാനങ്ങള്‍ക്കു എന്നെ യോഗ്യനാക്കണമേ.
പ്രാർത്ഥന
കര്‍ത്താവേ, അങ്ങേ മണവാട്ടിയായ കത്തോലിക്കാ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങേ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കരുണയായിരിക്കണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ പരിശുദ്ധ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ! ഞങ്ങൾ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങേ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍.
സുകൃത ജപം
പാപികളുടെമേൽ ഏറ്റവും ദയയുള്ള ഈശോ തമ്പുരാൻറെ ദിവ്യഹൃദയമേ, ഘോര പാപിയായ എൻറെമേൽ ദയയായിരിക്കണമേ.
No comments:
Post a Comment
You are Welcome to add your Comments, Opinions, Doubts, Queries and Prayers below. God Bless...!