തിരുഹൃദയ വണക്കമാസ ജപവും പ്രാർത്ഥനയും: ഒന്നാം ദിനം.
ജപം
അനന്തനന്മ സ്വരൂപിയായ സര്‍വ്വേശ്വരാ, ഈശോ മിശിഹായുടെ ദിവ്യഹൃദയം വഴിയായി അപേക്ഷിക്കുകയെന്നും ഈ ദിവ്യഹൃദയം വഴിയായി അപേക്ഷിക്കുന്ന സകലവും ലഭിക്കുമെന്നും വിശുദ്ധ മര്‍ഗ്ഗരീത്തായോട് അങ്ങ് വാഗ്ദാനം ചെയ്തുവല്ലോ. അങ്ങയുടെ അനന്ത പ്രതാപത്തിന്‍ മുമ്പാകെ ഞാന്‍ സാഷ്ടാംഗപ്രണാമം ചെയ്യുന്നു. എന്‍റെ ജീവിതകാലം മുഴുവനും ഞാന്‍ അങ്ങേ ദിവ്യപുത്രനെ അറിയുന്നതിനും സ്നേഹിക്കുന്നതിനും പ്രത്യേകമായി ഈ മാസത്തില്‍ വിശുദ്ധ മര്‍ഗ്ഗരീത്തായുടെ മാതൃകയെ അനുകരിക്കുന്നതിനും അനുഗ്രഹം ചെയ്തരുളണമേ. എന്‍റെ ദൈവമേ! അങ്ങില്‍ നിന്നു ബഹുമാനം, ഐശ്വര്യം ആദിയായവ ഞാന്‍ ഇച്ഛിക്കുന്നില്ല. അങ്ങയുടെ ദിവ്യനാമം എല്ലാവരും അറിയുന്നതിനും എല്ലായിടത്തും സ്തുതിക്കപ്പെടുന്നതിനും അങ്ങേ ദിവ്യപുത്രനായ ഈശോ മിശിഹാ ജനഹൃദയങ്ങളില്‍ ഭരണം നടത്തുന്നതിനും മാത്രമേ ഞാന്‍ ആഗ്രഹിക്കുന്നുള്ളൂ.
പ്രാർത്ഥന
കര്‍ത്താവേ, അങ്ങേ മണവാട്ടിയായ കത്തോലിക്കാ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങേ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കരുണയായിരിക്കണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ പരിശുദ്ധ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ! ഞങ്ങൾ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങേ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍.