തിരുഹൃദയ വണക്കമാസ ജപവും പ്രാർത്ഥനയും: പതിമൂന്നാം ദിവസം
ജപം
ആരാധനയ്ക്കു യോഗ്യമായ ഈശോമിശിഹായുടെ ദിവ്യഹൃദയമേ, സമാധാനത്തിന്‍റെ ആലയമേ, അങ്ങേ വിനയസ്വഭാവത്തേയും ക്ഷമയേയും ഓര്‍ത്തു ധ്യാനിക്കയാല്‍ എന്‍റെ ആത്മസ്ഥിതി ഏറ്റം നിര്‍ഭാഗ്യാവസ്ഥയില്‍ ആയിരിക്കുന്നുവെന്നറിഞ്ഞു ഖേദിക്കുന്നു. ഓ! മാധുര്യം നിറഞ്ഞ എന്‍റെ രക്ഷിതാവിന്‍റെ ദിവ്യഹൃദയമേ, ദുര്‍ഗുണങ്ങളാല്‍ നിറഞ്ഞ എന്‍റെ ഹൃദയത്തെ മാറ്റി ഇതില്‍ അങ്ങേ ദിവ്യഹൃദയത്തിലെ വിനയശീലം ധാരാളമായി നല്‍കണമെന്നു അങ്ങേ അനന്തമായ ക്ഷമയെയും വിനയശീലത്തെയും ഓര്‍ത്തു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
പ്രാർത്ഥന
കര്‍ത്താവേ, അങ്ങയുടെ മണവാട്ടിയായ കത്തോലിക്കാ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങയുടെ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കരുണയായിരിക്കണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ പരിശുദ്ധ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ, ഞങ്ങൾ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങയുടെ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍.
സുകൃത ജപം
വിനയശീലത്തിന്‍റെ മാതൃകയായ ഈശോതമ്പുരാന്‍റെ തിരുഹൃദയമേ, എനിക്കു വിനയശീലം തന്നരുളണമേ.