തിരുഹൃദയ വണക്കമാസ ജപവും പ്രാർത്ഥനയും: ഇരുപത്തിമൂന്നാം ദിവസം
ജപം
സ്ലീവാമരത്തിന്മേല്‍ തൂങ്ങിക്കിടക്കയില്‍ കുന്തത്താല്‍ കുത്തിത്തുറക്കപ്പെട്ടു അവസാന തുള്ളി രക്തം കൂടെ എനിക്കായി ചിന്തിയ കൃപ നിറഞ്ഞ ഈശോമിശിഹായുടെ ദിവ്യഹൃദയമേ, അങ്ങേ പരിശുദ്ധ ഹൃദയത്തില്‍ കാണപ്പെടുന്ന ആ കുരിശ് എന്‍റെ കഠിന പാപങ്ങളാല്‍ ഉണ്ടായതാണെന്നു ഞാന്‍ ഏറ്റു പറയുന്നു. എന്‍റെ നന്ദിഹീനതയാലും പാപത്താലും വ്രണപ്പെട്ട ഈശോനാഥൻറെ തിരുഹൃദയമേ, ഞാന്‍ മരിക്കുന്നതിനു മുമ്പ് എന്‍റെമേല്‍ ദയയായിരിക്കേണമേ. കര്‍ത്താവേ, ഞാന്‍ മരിക്കുന്നതിനു മുമ്പ് എന്‍റെ പാപങ്ങളെ ഓര്‍ത്ത് മനസ്താപപ്പെടുന്നതിനും അവയ്ക്കു തക്കതായ പരിഹാരം ചെയ്ത് അങ്ങയിൽ നിദ്ര പ്രാപിക്കുന്നതിനും അങ്ങയുടെ എത്രയും ദുഃഖകരമായ കുരിശുമരണത്തെക്കുറിച്ച് എന്നെ ദയാപൂര്‍വ്വം തൃക്കണ്‍പാര്‍ത്തരുളണമേ.
പ്രാർത്ഥന
കര്‍ത്താവേ, അങ്ങയുടെ മണവാട്ടിയായ കത്തോലിക്കാ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങയുടെ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കരുണയായിരിക്കണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ പരിശുദ്ധ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ, ഞങ്ങൾ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങയുടെ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍.
സുകൃത ജപം
എന്‍റെ രക്ഷയുടെ അടിസ്ഥാനമായ ദിവ്യഹൃദയത്തിന്‍ കുരിശേ, ഞാന്‍ അങ്ങയെ ആരാധിക്കുന്നു.