Showing posts with label june 27 Thiruhridaya vanakkamasa prarthana. Show all posts
Showing posts with label june 27 Thiruhridaya vanakkamasa prarthana. Show all posts

Thursday, June 25, 2026

ThiruHridaya Vanakkamasam Prayers Day -27 (June -27)


തിരുഹൃദയ വണക്കമാസ ജപവും പ്രാർത്ഥനയും: ഇരുപത്തിയേഴാം ദിവസം 


ജപം

കൃപനിറഞ്ഞ ഈശോമിശിഹായേ, സകല സ്നേഹിതന്മാരിലും വച്ച് ഉത്തമ സ്നേഹിതാ, സര്‍വ്വനന്മകളുടെയും സമാധാനത്തിന്‍റെയും ഇരിപ്പിടമേ, കണ്ണുനീരുകളുടെ സ്ഥലമായിരിക്കുന്ന ഈ ലോകത്തില്‍ മനുഷ്യര്‍ക്കുള്ള ഏക സങ്കേതമേ, പരീക്ഷകളിലും ഞെരുക്കങ്ങളിലും ഉള്‍പ്പെട്ടിരിക്കുന്നവരുടെ ആശ്വാസമേ, സകല ജനങ്ങളുടെയും പിതാവേ, അങ്ങയെ ഞാന്‍ ആരാധിക്കുന്നു. പൂര്‍ണ്ണഹൃദയത്തോടു കൂടെ സ്നേഹിക്കുന്നു. ഹാ! എന്‍റെ കര്‍ത്താവേ, ഇന്നാള്‍വരെയും എന്‍റെ ആശ്വാസവും സ്നേഹവും ലോകസ്നേഹിതന്‍മാരിലും സൃഷ്ടികളിലും ഞാന്‍ വച്ചുപോയി എന്നതു വാസ്തവം തന്നെ. കൃപനിറഞ്ഞ ഈശോതമ്പുരാൻറെ ദിവ്യഹൃദയമേ, ഇനിമേലില്‍ എന്‍റെ സ്നേഹം മുഴുവനും എന്‍റെ ആശ്വാസവും ശരണവും അങ്ങയുടെ പരിശുദ്ധ ഹൃദയത്തിലായിരിക്കുവാന്‍ അങ്ങുതന്നെ എനിക്ക് കൃപ ചെയ്തരുളണമേ.


പ്രാർത്ഥന

കര്‍ത്താവേ, അങ്ങയുടെ മണവാട്ടിയായ കത്തോലിക്കാ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങയുടെ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കരുണയായിരിക്കണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ പരിശുദ്ധ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ, ഞങ്ങൾ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങയുടെ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍.


സുകൃത ജപം 

എന്‍റെമേലുള്ള സ്നേഹത്താല്‍ എരിയുന്ന ഈശോമിശിഹായുടെ തിരുഹൃദയമേ, അങ്ങയുടെ മേലുള്ള സ്നേഹത്താല്‍ എരിയുന്നതിന് എനിക്ക് കൃപ ചെയ്തരുളണമേ.