Thursday, June 20, 2024

Marian Consecration: 33-Day preparation days വിമലഹൃദയ പ്രതിഷ്ഠാ ഒരുക്കം തുടങ്ങും ദിനം


33 ദിവസത്തെ വിമലഹൃദയ ഒരുക്ക പ്രാർത്ഥനകൾ തുടങ്ങുവാനുള്ള ദിവസങ്ങൾ ചുവടെ ചേർക്കുന്നു: 

പരിശുദ്ധ ദൈവമാതാവിന്റെ തിരുന്നാൾ ദിനങ്ങളിലാണ് അമ്മയുടെ വിമലഹൃദത്തിനു പ്രതിഷ്ഠ നിർവഹിക്കുന്നത്. അങ്ങനെ പ്രതിഷ്ഠിക്കപ്പെടാൻ താല്പര്യം ഉള്ളവർ അതാതു തിരുന്നാളുകളുടെ 33 ദിവസങ്ങൾക്കു മുൻപ് മുതൽ പ്രതിഷ്ഠക്കു ഉള്ള ചില ഒരുക്ക പ്രാർത്ഥനകളും ആത്മീയ തയ്യാറെടുപ്പുകളും തുടങ്ങേണ്ടുന്നതാണ്.   

ഒരുപക്ഷെ ചിലർക്ക് തോന്നിയേക്കാം, അല്ലെങ്കിൽ ചിലർ ചോദിച്ചേക്കാം എന്തിനാണ് പരിശുദ്ധ മറിയത്തിനു നമ്മേ പ്രതിഷ്ഠിക്കുന്നത്, നേരിട്ട് യേശു കർത്താവിനു പ്രതിഷ്ഠിച്ചാൽ പോരെ യെന്നു? കർത്താവായ യേശുക്രിസ്തു പാടുപീഡകൾ സഹിച്ചു, കുരിശുമരണം വരിച്ചു തന്റെ അമൂല്യമായ പരിശുദ്ധ രക്തവും ജീവനും വിലയായികൊടുത്തു വീണ്ടെടുത്ത/വാങ്ങിയ ഓരോ മനുഷ്യനും അവിടുത്തെ സ്വന്തമാണ്, അവിടുത്തേക്ക്‌ മുഴുവനായി പ്രതിഷ്ഠിക്കേണ്ടുന്നവർ തന്നെയാണ്...! 

എന്നാൽ കർത്താവായ ഈശോയുടെ പരിശുദ്ധ തിരുഹൃദയത്തിനു പ്രതിഷ്ഠിക്കുവാൻ കർത്താവുതന്നെ നമുക്ക് നൽകിയ തന്റെ സ്വന്തം പരിശുദ്ധ അമ്മയുടെ സഹായം തേടാവുന്നതാണ്. ഒരു വ്യക്തി, പരിശുദ്ധ മറിയത്തിന്റെ വിമല ഹൃദയത്തിനു താൻ ആയിരിക്കുന്ന അവസ്ഥയിൽ പ്രതിഷ്ഠിച്ചാൽ, പരിശുദ്ധ കന്യകാ മാതാവ് ആ വ്യക്തിയെ വിശുദ്ധീകരിച്ചു തന്റെ മകനും മാനവരക്ഷകനുമായ ഈശോമിശിഹായുടെ തിരുഹൃദയത്തിൽ സുരക്ഷിതമായി പ്രതിഷ്ഠിച്ചുകൊള്ളും. ചുരുക്കി പറഞ്ഞാൽ, പരിശുദ്ധ കന്യകാമാതാവിന്റെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കപ്പെടുന്ന ഓരോ വ്യക്തിയും ഈശോമിശിഹായുടെ തിരുഹൃദയത്തിനുതന്നെയാണ് ആത്യന്തികമായി പ്രതിഷ്ഠിക്കപ്പെടുന്നത്!


Thursday, June 6, 2024

12 Promises of Jesus Christ to the Sacred Heart devotees


 നമ്മുടെ കർത്താവീശോമിശിഹാ  തന്‍റെ തിരുഹൃദയ ഭക്തർക്ക് വിശിഷ്ടമായ അനേക അനുഗ്രഹങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. അവിടുത്തെ കൂടാതെ നമുക്ക് ഒന്നും ചെയ്യാൻ സാദ്ധ്യമല്ല എന്ന്‍ അവിടുന്ന് വ്യക്തമായി പ്രസ്താവിച്ചിട്ടുള്ളതുകൊണ്ടു, കർത്താവിന്റെ അനുഗ്രഹങ്ങള്‍ കൂടാത് ഈ ലോകത്തിൽ പുണ്യപ്പെട്ട ഒരു ജീവിതം നയിച്ച് സ്വർഗത്തിൽ എത്തിച്ചേരാൻ ഒരു ക്രിസ്ത്യാനിക്ക് സാധ്യമല്ല. ഈശോമിശിഹാ അവിടുത്തെ വത്സലദാസിയായ വിശുദ്ധ മര്‍ഗ്ഗരീത്താ മേരി ആലക്കോക്കിനു പ്രത്യക്ഷപ്പെട്ട് നല്‍കിയ പന്ത്രണ്ട് ശ്രേഷ്ഠമായ വാഗ്ദാനങ്ങള്‍ ആണ് ഇവിടെ കൊടുത്തിരിക്കുന്നത്. ഈ വാഗ്ദാനങ്ങളിൽ വിശ്വസിച്ചു ഇപ്പോൾ മുതൽ എങ്കിലും കർത്താവിന്റെ തിരുഹൃദയത്തിനെ വേണ്ടവിധം സ്നേഹിച്ചു, ആരാധിച്ചു, ശരണപ്പെട്ടു ജീവിക്കാൻ നമ്മുക്ക് ശ്രമിക്കാം!

ഈശോ മിശിഹാ തന്റെ തിരുഹൃദയ ഭക്തർക്ക് നൽകിയിരിക്കുന്ന 12 വാഗ്ദാനങ്ങള്‍:

1. എന്‍റെ തിരുഹൃദയ ഭക്തരുടെ ജീവിതാന്തസ്സിനു ആവശ്യമായ എല്ലാ അനുഗ്രഹങ്ങളും ഞാന്‍ പ്രദാനം ചെയ്യും.

2. അവരുടെ കുടുംബങ്ങളില്‍ ഞാന്‍ എന്റെ സമാധാനം നല്‍കും.

3. അവരുടെ സങ്കട വേളകളിൽ ഞാന്‍ അവരെ ആശ്വസിപ്പിക്കും.

4. ജീവിതകാലത്തിലും പ്രത്യേകിച്ച് അവരുടെ മരണ സമയത്തിലും ഞാന്‍ അവര്‍ക്കു ഉറപ്പുള്ള സങ്കേതമായിരിക്കും.

5. അവരുടെ എല്ലാ പ്രയത്നങ്ങളിലും ഞാന്‍ സമൃദ്ധമായി അനുഗ്രഹങ്ങൾ വർഷിക്കും. 


6. പാപികള്‍ എന്‍റെ ഹൃദയത്തില്‍ അനുഗ്രഹത്തിന്‍റെ വറ്റാത്ത ഉറവയും സമുദ്രവും കണ്ടെത്തും.

7. മന്ദതയുള്ള ആത്മാക്കള്‍ എന്റെ ദിവ്യഹൃദയത്തോടുള്ള  ഭക്തിയാൽ  തീക്ഷ്ണതയുള്ളവരാകും.

8. തീക്ഷ്ണതയുള്ള ആത്മാക്കള്‍ അതിവേഗത്തില്‍ പരിപൂര്‍ണ്ണതയുടെ പദവിയില്‍ കയറും.

9. എന്‍റെ ദിവ്യഹൃദയസ്വരൂപം പരസ്യമായി പ്രതിഷ്ഠിച്ചു വണങ്ങുന്ന എല്ലാ ഭവനങ്ങളിലും എന്‍റെ ആശീർവാദം 
ഉണ്ടായിരിക്കും. 

10. കഠിന പാപികളെ മനസ്സു തിരിക്കുന്നതിനുള്ള വരം തിരുഹൃദയ ഭക്തരായ വൈദികര്‍ക്ക് ഞാന്‍ നല്‍കും.

11. എന്റെ ദിവ്യഹൃദയ ഭക്തി പ്രചരിപ്പിക്കുന്നവരുടെ നാമം എന്‍റെ ഹൃദയത്തില്‍ ഞാന്‍ എഴുതും. അതില്‍നിന്നും അവരുടെ നാമം ഒരിക്കലും മായിക്കുയില്ല.

12. ഒമ്പതു ആദ്യവെള്ളിയാഴ്ച തുടര്‍ച്ചയായി ദിവ്യബലിയിൽ പങ്കെടുത്തു, വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നവര്‍ക്ക് അവസാനം വരെയുള്ള നിലനില്‍പ്പിന്‍റെ വരം ഞാന്‍ നല്‍കും. എന്‍റെ അനുഗ്രഹം കൂടാതെയോ, കൂദാശകള്‍ സ്വീകരിക്കാതെയോ അവർ മരിക്കുകയില്ല. അവരുടെ മരണത്തിന്‍റെ അവസാനത്തെ മണിക്കൂറില്‍ എന്‍റെ ദിവ്യഹൃദയം അവര്‍ക്കു നിശ്ചയമുള്ള സങ്കേതമാകുമെന്ന് എന്‍റെ സ്നേഹാധിക്യത്താല്‍ നിന്നോട് ഞാൻ വാഗ്ദാനം ചെയ്യുന്നു.

ഈശോമിശിഹായുടെ ഈ അമൂല്യ വാഗ്ദാനങ്ങളെ വിശ്വസിക്കുകയും  തിരുഹൃദയഭക്തി പാലിക്കുകയും ചെയ്യുന്നവരുടെ ഹൃദയങ്ങളില്‍ ദൈവസ്നേഹവും പരസ്നേഹവും കത്തിജ്ജ്വലിക്കും. അതിനാല്‍ ഇപ്പോൾമുതലെങ്കിലും ഈശോയുടെ ദിവ്യഹൃദയത്തില്‍ ശരണപ്പെട്ടു ജീവിക്കാൻ ശ്രമിക്കാം. അപ്പോള്‍ കർത്താവായ ഈശോയുടെ ഈ വാഗ്ദാനങ്ങളുടെ ഫലം നമുക്കു ലഭിക്കുമെന്നുള്ളതില്‍ സംശയമില്ല.

Tuesday, June 4, 2024

Mathavinte Vimala Hridaya Prathishta Japam (family)

 

പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിനു നമ്മെയും നമ്മുടെ മക്കളെയും പ്രീയപ്പെട്ടവരെയും നാടിനെയും പ്രതിഷ്ഠിക്കേണ്ടത്, മുൻപ് എന്നത്തേക്കാളും അധികമായി ഈ കാലഘട്ടത്തിൽ വളരെ അത്യാവശ്യമായ ഒരു കാര്യമാണെന്ന് എല്ലാവരുംതന്നെ മനസ്സിലാക്കികൊണ്ടിരിക്കുന്നു.  എന്തുകൊണ്ടെന്നാൽ കാലം അതിന്റെ തികവിലേക്കു എത്തുകയാണെന്നു മനസ്സിലാക്കിയ സാത്താൻ, കുടുംബങ്ങളെയും കുഞ്ഞുങ്ങളെയും തകർക്കുക വഴി തിരുസഭയെ തകർക്കാമെന്നും, അങ്ങനെ നമ്മുടെ കർത്താവു വളരെ വലിയെ വില കൊടുത്തു വീണ്ടെടുത്ത ആത്മാക്കളെ അനായാസം  നശിപ്പിക്കാമെന്നും കരുതുന്നു. അതിനായി പ്രയത്നിക്കുന്നു! കുഞ്ഞുങ്ങളെയും യുവതലമുറയെയും തകർക്കുന്നതിനായി മൊബൈൽ ആപ്പ്സ്, ഗെയിംസ്, ഇന്റർനെറ്റ്, സാമൂഹ്യ മാധ്യമങ്ങൾ, മദ്യം, മയക്കുമരുന്ന്, അവിഹിത ലൈംഗിക ബന്ധം മുതലായവ സുലഭമാക്കാനും നിയമാനുസൃതമാക്കാനും സാത്താൻ നിർമ്മാതാക്കളെയും ഭരണാധികാരികളെയും ഉപയോഗിക്കുന്നു!

പരിശുദ്ധ ദൈവമാതാവിന്റെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കപ്പെട്ടവർ ആരും തന്നെ ഒരിക്കലും നശിച്ചുപോകുകയില്ലെന്നുള്ള വസ്തുത അനേകം വിശുദ്ധർ സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ്. പരിശുദ്ധ മാതാവ് തന്റെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കപ്പെട്ട മക്കൾക്ക് പാപബോധവും, പശ്ചാത്താപവും വിശുദ്ധ ജീവിതം നയിക്കാനുള്ള ആഗ്രഹവും ഉണ്ടാകുവാൻ വേണ്ടുന്ന കൃപ ധാരാളമായി നൽകും. തന്റെ വിമല ഹൃദയത്തിന് സമർപ്പിക്കപ്പെട്ട ആത്മാക്കളെ വിശുദ്ധീകരിച്ചു യോഗ്യമാക്കി കർത്താവീശോ മിശിഹായുടെ ഏറ്റവും പരിശുദ്ധ തിരുഹൃദയത്തിനു അമ്മ സർപ്പിച്ചുകൊള്ളും! 

അതുകൊണ്ടു ഉപേക്ഷയോ മടിയോ വിചാരിക്കാത്, പിന്നെ ചെയ്യാം എന്ന് നീട്ടി വെയ്കാതെ ഏറ്റവും അടുത്ത് വരുന്ന മാതാവിന്റെ തിരുന്നാളിന് 33 ദിവസം മുൻപായി വിമലഹൃദയ ഒരുക്ക പ്രാർത്ഥനകൾ ആരംഭിച്ചു തിരുന്നാൾ ദിവസം വിമലഹൃദയ പ്രതിഷ്ഠ നടത്തണമേ.... 

33 ദിവസത്തെ വിമലഹൃദയ ഒരുക്ക പ്രാർത്ഥനകൾ തുടങ്ങുവാനുള്ള ദിവസങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു.

പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കുന്ന പ്രാർത്ഥന:

അമലോത്ഭവയും, ഏറ്റവും മഹത്വമുള്ള കന്യകയും, കരുണയുടെ മാതാവും, സ്വർഗ്ഗത്തിന്റെ രാജ്ഞിയും, പാപികളുടെ സങ്കേതവുമായ പരിശുദ്ധ മറിയമേ, എന്നേയും എന്റെ കുടുംബത്തെയും, കുടുംബാംഗങ്ങളെയും, പ്രീയപ്പെട്ടവരെയും, കൂട്ടായ്മയേയും, തിരുസഭയേയും എന്റെ മാതൃരാജ്യത്തേയും അമ്മയുടെ വിമല ഹൃദയത്തിലേക്ക് ഞാൻ (ഞങ്ങൾ) പ്രതിഷ്ഠിക്കുന്നു (പുതുക്കുന്നു).  എന്റെ (ഞങ്ങളുടെ) ജീവിതവും എനിക്കുള്ളതെല്ലാമും ഞാൻ എന്തായിരിക്കുന്നുവോ   അതെല്ലാം അങ്ങേക്കു പ്രതിഷ്ഠിക്കുന്നു. എന്റെ ശരീരത്തെയും മനസ്സിനെയും ഹൃദയത്തെയും ആത്മാവിനെയും അവയവങ്ങളെയും അമ്മക്കു ഞാൻ നൽകുന്നു. എന്റെ ക്രൈസ്തവ ദൈവവിളിയെ അമ്മയെ ഞാൻ ഭരമേൽപ്പിക്കുന്നു. അമ്മയുടെ സംവിധാനമനുസരിച്ചു എന്നെ (ഞങ്ങളെ) നിത്യജീവിതത്തിലേക്കു നയിക്കണമേ. ക്രൈസ്തവ പുണ്യങ്ങളുടെ, വിശിഷ്യാ സ്നേഹത്തിന്റെയും ക്ഷമയുടെയും എളിമയുടെയും അനുസരണത്തിന്റെയും ശുദ്ധതയുടെയും അഭ്യസനത്തിന് എല്ലാവർക്കും മാതൃകയാകത്തക്കവണ്ണം സുവിശേഷം അനുസരിച്ചുള്ള ഒരു ജീവിതം നയിച്ചുകൊള്ളാമെന്നും അമ്മയുടെ വിമലഹൃദയത്തോടുള്ള ഭക്തി പ്രചരിപ്പിക്കുന്നതിന് സർവാത്മനാ പ്രയത്നിക്കാമെന്നും ഞാനിതാ വാഗ്‌ദാനം ചെയ്യുന്നു.

ഓ അമലോത്ഭവയേ, പരിശുദ്ധിയുടെ സമ്പൂർണ മാതൃകയേ, ഈശോമിശിഹാക്കു പ്രീതികരമായി ജീവിക്കാമെന്ന പ്രത്യാശ എനിക്ക് നൽകുകയും അതിൽ എന്നെ ജീവിതാവസാനം വരെ നിലനിറുത്തുകയും ചെയ്യണമേ.   

പരിശുദ്ധാത്മാവേ വരണമേ. അങ്ങയുടെ ഇഷ്ട ദാസിയായ പരിശുദ്ധ കന്യാമറിയത്തിന്റെ വിമലഹൃദയത്തിന്റെ ശക്തമായ മധ്യസ്ഥതയിൽ എന്നിലേക്ക്‌ (ഞങ്ങളിലേക്ക്, തിരുസഭയിലേക്ക്, ലോകം മുഴുവനിലേക്ക്) എഴുന്നള്ളി വരണമേ. ആമേൻ.

(ഈ ജപം സാധിക്കുമെങ്കിൽ എല്ലാ ദിവസവും പ്രാർത്ഥിക്കേണ്ടുന്നതാണ്.)