തിരുഹൃദയ വണക്കമാസ ജപവും പ്രാർത്ഥനയും: എട്ടാം ദിനം
ജപം
എൻ്റെ ശരണവും ആശ്വാസവും ഹൃദയ സമാധാനവുമായ ഈശോ മിശിഹായുടെ ദിവ്യഹൃദയമേ, അങ്ങയെ ഞാൻ ആരാധിക്കുന്നു. ദയയും സ്നേഹവും നിറഞ്ഞ എൻ്റെ രക്ഷിതാവേ, ഹൃദയനാഥാ, അങ്ങയെ ഞാൻ സ്നേഹിക്കുന്നുവെങ്കിൽ അത് മാത്രം എനിക്ക് മതിയായിരുന്നു. അങ്ങയെ മുഴുവനും എനിക്ക് തന്നിരിക്കുകയാൽ എൻ്റെ ഹൃദയം മുഴുവനും അങ്ങേക്ക് നൽകാതിരിക്കുന്നത് നന്ദിഹീനതയാണ്! വാത്സല്യ നിധിയായ പിതാവേ, എൻ്റെ ഹൃദയത്തിൻ്റെ രാജാവേ, ഇന്നുവരെയും എൻ്റെ താൽപര്യങ്ങൾ സൃഷ്ടികളിൽ ഞാൻ അർപ്പിച്ചുപോയി എന്നത് വാസ്തവമാണ്. ഇന്നുമുതൽ എൻ്റെ ദൈവമേ, അങ്ങുമാത്രം എൻ്റെ ഹൃദയത്തിൻ്റെ രാജാവും പിതാവും ആത്മാവിൻറെ നാഥനും സ്നേഹിതനും ആയിരിക്കണമേ! ഭൗതീക വസ്തുക്കൾ എല്ലാം എന്നിൽനിന്നും അകലട്ടെ. ദയനിറഞ്ഞ ഈശോതമ്പുരാനേ, അങ്ങുമാത്രം എനിക്ക് മതിയായിരുന്നു.
പ്രാർത്ഥന
കര്‍ത്താവേ, അങ്ങയുടെ മണവാട്ടിയായ കത്തോലിക്കാ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങയുടെ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കരുണയായിരിക്കണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ പരിശുദ്ധ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ, ഞങ്ങൾ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങയുടെ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍.
സുകൃത ജപം
ഈശോതമ്പുരാൻറെ ദിവ്യഹൃദയമേ, എന്നെ മുഴുവൻ അങ്ങേക്കുള്ളവനാക്കണമേ!