തിരുഹൃദയ വണക്കമാസ ജപവും പ്രാർത്ഥനയും: ഇരുപത്തിയെട്ടാം ദിവസം
ജപം
മനുഷ്യരക്ഷമേല്‍ ഇത്രയും താല്പര്യമുള്ള ഈശോമിശിഹായേ, കൃപനിറഞ്ഞ പിതാവേ, ഇതാ ഞാന്‍ അങ്ങയുടെ തിരുസന്നിധിയില്‍ എന്‍റെ പാപങ്ങളില്‍ന്മേല്‍ മനസ്താപപ്പെട്ടു നില്‍ക്കുന്നു. മാധുര്യം നിറഞ്ഞ ഈശോനാഥൻറെ ദിവ്യഹൃദയമേ, അങ്ങുമാത്രം എന്‍റെ അവസാന നാഴികയും പിന്നീട് എനിക്ക് സംഭവിപ്പാനിരിക്കുന്നതും അറിയുന്നു. കര്‍ത്താവേ, അങ്ങയുടെ അളവറ്റ കൃപയാല്‍ എനിക്ക് ഒരു നല്ലമരണവും നല്ല വിധിയും കിട്ടുമെന്ന് ശരണപ്പെടുന്നു. കാരുണ്യം നിറഞ്ഞ ഈശോതമ്പുരാനേ, എന്‍റെ അവസാനത്തെ ആ നാഴിക ഇപ്പോള്‍തന്നെ അങ്ങേയ്ക്കു കയ്യേല്‍പ്പിചിരിക്കുന്നു. എന്‍റെ കാലുകള്‍ ഇളക്കുവാന്‍ വയ്യാതെയും, കൈകള്‍ വിറച്ചു മരവിച്ച് കുരിശിന്മേല്‍ പതിക്കപ്പെട്ട അങ്ങയെ പിടിച്ചു തഴുകുവാന്‍ പാടില്ലാതെയിരിക്കുമ്പോഴും, മരണ ഭയത്താല്‍ കണ്ണുകള്‍ ഇരുണ്ട് അങ്ങയെ നോക്കി അങ്ങയുടെ തിരുനാമം വിളിക്കുന്ന ആ സമയത്തിലും, മരണസമയത്തില്‍ എന്‍റെ രക്ഷയുടെ ശത്രുക്കളോടു യുദ്ധം ചെയ്യുമ്പോഴും, കരുണ നിറഞ്ഞ ഈശോനാഥാ, എന്‍റെ മേല്‍ കൃപയായിരിക്കണമേ. ആ ഭയങ്കര സമയത്തില്‍ എന്‍റെ സകല പാപങ്ങളും നന്ദികേടുകളും ഓര്‍ക്കാതെ അങ്ങയുടെ അളവറ്റ സ്നേഹത്തെയും ദയയെയും എന്നോടു കാണിച്ചരുളണമേ. എന്‍റെ പാപം നിറഞ്ഞ ആത്മാവ് ശരീരത്തില്‍ നിന്നു വേര്‍പിരിയുമ്പോള്‍ അങ്ങേ തിരുരക്തത്താല്‍ അതിനെ കഴുകി ശുദ്ധീകരിച്ച് അങ്ങേ പരിശുദ്ധ ഹൃദയത്തില്‍ കൈക്കൊള്ളണമെന്ന് സാഷ്ടാംഗം വീണ് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
പ്രാർത്ഥന
കര്‍ത്താവേ, അങ്ങയുടെ മണവാട്ടിയായ കത്തോലിക്കാ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങയുടെ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കരുണയായിരിക്കണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ പരിശുദ്ധ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ, ഞങ്ങൾ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങയുടെ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍.
സുകൃത ജപം
മരണാവസ്ഥയില്‍ ഉള്‍പ്പെട്ട ഈശോമിശിഹായുടെ തിരുഹൃദയമേ, മരിക്കുന്നവരുടെമേല്‍ ദയയായിരിക്കണമേ.
No comments:
Post a Comment
You are Welcome to add your Comments, Opinions, Doubts, Queries and Prayers below. God Bless...!