തിരുഹൃദയ വണക്കമാസ ജപവും പ്രാർത്ഥനയും: ഇരുപത്തിയഞ്ചാം ദിവസം
ജപം
പാപികളുടെ സങ്കേതമായി തുറക്കപ്പെട്ടിരിക്കുന്ന ഈശോമിശിഹായുടെ ദിവ്യഹൃദയത്തിന് തിരുമുറിവേ, അങ്ങയിൽ എന്നെ മുഴുവനും കയ്യേല്‍പ്പിച്ചിരിക്കുന്നു. കര്‍ത്താവേ, എനിക്കു നേരിടുന്നതും നേരിടുവാനിരിക്കുന്നതുമായ സകല ദുരിതങ്ങളും, അപമാനം, ശരീര പീഡകള്‍ ആദിയായ സകല വിഷമങ്ങളും ഒന്നായി അങ്ങയുടെ പാടുപീഡകളോടു ചേര്‍ത്തുകൊണ്ടും അങ്ങേ സ്നേഹത്തെപ്രതി സഹിച്ചുകൊണ്ടും കാഴ്ച വയ്ക്കുന്നതിനെ ദയവായി കൈക്കൊള്ളണമേ. മാധുര്യം നിറഞ്ഞ ഈശോനാഥാ, പാപം നിറഞ്ഞ എന്റെ ആത്മാവിനെ അങ്ങയുടെ തിരുരക്തത്താല്‍ കഴുകി ശുദ്ധമാക്കിയരുളണമേ. അങ്ങയുടെ ദിവ്യാശീര്‍വാദത്താല്‍ ഇതിനെ ശക്തിപ്പെടുത്തി ഉറപ്പിക്കണമേ. കൃപയുടെ സമുദ്രമായ ഈശോതമ്പുരാനേ, പാപം നിറഞ്ഞ എന്റെ ആത്മാവിനെ അങ്ങേ തിരുരക്തത്താല്‍ കഴുകി ശുദ്ധമാക്കിയരുളണമേ. അങ്ങയുടെ ദിവ്യാശീര്‍വാദത്താല്‍ ഇതിനെ ശക്തിപ്പെടുത്തി ഉറപ്പിക്കണമേ. കൃപയുടെ സമുദ്രമായ ഈശോനാഥാ, എന്റെ ജീവിത കാലത്തിലും പ്രത്യേകം എന്റെ മരണസമയത്തിലും അങ്ങേ തിരുമുറിവില്‍ എന്റെ ആശ്വാസം കണ്ടെത്തുന്നതിനും എന്റെ ആത്മാവിനെ ഈ തിരുമുറിവില്‍ ഭരമേൽപ്പിക്കുന്നതിനും കൃപ ചെയ്തരുളണമേ.
പ്രാർത്ഥന
കര്‍ത്താവേ, അങ്ങയുടെ മണവാട്ടിയായ കത്തോലിക്കാ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങയുടെ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കരുണയായിരിക്കണമേ. അനുഗ്രഹത്തിന്റെ അമ്മയായ പരിശുദ്ധ മറിയമേ, ദിവ്യഹൃദയത്തിന് നാഥേ, ഞങ്ങൾ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങയുടെ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍.
സുകൃത ജപം
ഈശോതമ്പുരാൻറെ തിരുഹൃദയമേ, അങ്ങേ തിരുമുറിവില്‍ എന്റെ ആത്മാവിനെ ഭരമേല്‍പ്പിക്കുന്നു.
Amen 🙏
ReplyDelete