എല്ലാ പൈശാചിക ഉപദ്രവങ്ങളിൽ നിന്നും, ബന്ധനങ്ങളിൽ നിന്നും, തിന്മകളിൽനിന്നും, അപകടങ്ങളിൽ നിന്നും, പ്രകൃതി ദുരന്തങ്ങളിൽ നിന്നും, രോഗങ്ങളിൽ നിന്നും, സംരക്ഷണം ലഭിക്കാനായി പരിശുദ്ധ അമ്മയുടെയും 7 മുഖ്യ ദൂതന്മാരുടെയും 9 വൃന്ദം മാലാഖാമാരുടെയും അസംഖ്യം വിശുദ്ധരുടെയും വേദ സാക്ഷികളുടെയും എല്ലാ സ്വർഗീയ നിവാസികളുടെയും സഹായം തേടിയുള്ള വളരെ ഫലപ്രദമായ മലയാളം സംരക്ഷണ പ്രാർത്ഥന."പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ. ആമേൻ.
കർത്താവായ യേശുവേ, അങ്ങയുടെ തിരുരക്തത്താൽ ഞങ്ങളെ മുദ്ര കുത്തണമേ. അങ്ങയുടെ കരങ്ങളിൽ ഞങ്ങളെ ഒരു അടയാളമായും അങ്ങയുടെ തിരുഹൃദയത്തിൽ ഞങ്ങളെ മുദ്രയായും പതിക്കണമേ. പരിശുദ്ധ നിത്യ സഹായ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
മുഖ്യ ദൂതന്മാരായ വിശുദ്ധ മിഖായേലേ, വി: ഗബ്രിയേലേ, വി: റപ്പായേലേ, വി: സിറിയേലേ, വി: ഉറിയേലേ, വി: റമിയേലേ, വി: റഗുവേലേ, നവ വൃന്ദം മാലാഖമാരായ സ്രാപ്പേൻമാരേ, ക്രോവേന്മാരേ, ഭദ്രാസനന്മാരേ, ബലവാന്മാരേ, തത്വകന്മാരേ, പ്രാഥമികന്മാരേ, ഭക്തിജ്വാലകന്മാരേ, ദൈവ ദൂതന്മാരേ, അധികാരികളേ, സ്വർഗീയ ഗണങ്ങളായ അപ്പസ്തോലന്മാരേ, വിശുദ്ധരേ, രക്ത സാക്ഷികളേ, വാഴ്ത്തപ്പെട്ടവരേ, ധന്യന്മാരേ, ദാസീദാസന്മാരേ, പൂർവ പിതാക്കന്മാരേ, പ്രവാചകന്മാരേ, കുഞ്ഞു പൈതങ്ങളേ, ഞങ്ങൾക്കുവേണ്ടി, കുടുംബങ്ങൾക്കുവേണ്ടി, തിരുസഭക്കുവേണ്ടി, ശ്രുശൂഷകൾക്കുവേണ്ടി, ശ്രുശൂഷകർക്കുവേണ്ടി അപേക്ഷിക്കണമേ. ഞങ്ങളുടെ സംരക്ഷണം ഏറ്റെടുക്കണമേ.
മുഖ്യദൂതൻമാരേ, പൈശാചിക ശക്തികളുടെ സ്വാധീനങ്ങളായ ജഡമോഹം, ധനമോഹം, സുഖലോലുപത, ആഡംബരപ്രീയം, സ്വാർത്ഥത, അഹങ്കാരം, അസൂയ, അലസത, അപവാദം,ആകുലത, ഉത്ക്കണ്ഠ, ഭയം, അവിശ്വാസം, അനീതി, അധികാരമോഹം, പക്ഷപാതം, പൊങ്ങച്ചം, ഏഷണി, പരദൂഷണം, കാപട്യം, വ്യർത്ഥഭാഷണം, വിവാഹ മോചനം, കൊതി, ദുർമരണം, അപകടം മുതലായവയിൽ നിന്നും സംരക്ഷിക്കുവാൻ ഞങ്ങൾക്ക് ചുറ്റും കോട്ട കെട്ടണമേ.
മുഖ്യദൂതന്മാരേ, പൈശാചിക ശക്തികളുടെ സ്വഭാവങ്ങളായ കോപം, വാശി, വൈരാഗ്യം, വെറുപ്പ്, വിദ്വേഷം, പ്രതികാരചിന്ത, നിർബന്ധബുദ്ധി, ചതി, അവിശ്വസ്തത, ആത്മഹത്യാചിന്ത, നിഷേധ സ്വഭാവം, ദാർഷ്ട്യഭാവം, മുരടൻ സ്വഭാവം, പരാക്രമം, മാർക്കടമുഷ്ടി, അക്രമവാസന, നശീകരണ സ്വഭാവം, കലഹസ്വഭാവം, ഭിന്നതയുണ്ടാക്കൽ, തമ്മിലടിപ്പിക്കൽ, വിഭാഗീയത, മാത്സര്യബുദ്ധി, ഞാനെന്ന ഭാവം, എതിർത്തു സംസാരം, വെല്ലുവിളി, ഒളിപ്പോരാട്ടം, നിരീശ്വരവാദം, തെറ്റായ യുക്തിവാദം, വർഗീയവാദം, തീവ്രവാദം, ഭീകരപ്രവർത്തനം, കൊലപാതകം, ഭ്രൂണഹത്യ, മോഷണം, അത്യാഗ്രഹം, മദ്യപാനം, ലഹരിയുടെ അടിമത്തം, ചീട്ടുകളി, മാധ്യമ ദുരുപയോഗം, ഫോൺ ദുരുപയോഗം, സിനിമ-സീരിയൽ ഭ്രമം, വിമർശനം, ഒറ്റുകൊടുക്കൽ, സംശയിക്കൽ, വിധിക്കൽ, ആരേയും ഉൾക്കൊള്ളാത്ത-ആരുമായും ചേർന്നുപോകാത്ത സ്വഭാവ വൈകല്യങ്ങൾ, നിരാശ, ദുരാശ, ഭീരുത്വം, സ്നേഹരാഹിത്യം, പിശുക്ക്, ധൂർത്ത്, ഇവയിൽനിന്നെല്ലാം സംരക്ഷിക്കുവാൻ ഞങ്ങൾക്ക് ചുറ്റും പാളയമടിച്ചു കാത്തുകൊള്ളണമേ.
മുഖ്യദൂതന്മാരേ, മന്ത്രവാദം, കൂടോത്രം, ക്ഷുദ്രവിദ്യ, ആഭിചാരം, അന്യദേവാരാധന, വിഗ്രഹാരാധന, അന്ധവിശ്വാസം, അനാചാരങ്ങൾ, ചാത്തൻസേവ, സാത്താൻ ആരാധന, വെച്ചുപൂജ, പക്ഷി-മൃഗാരാധന, ജിന്നുകളുടെ പ്രവർത്തനം, ഇവയുടെ ഭയത്തിൽനിന്നും ആകർഷണത്തിൽനിന്നും ദൂഷിത ഫലങ്ങളിൽനിന്നും ഞങ്ങളെ സംരക്ഷിക്കുവാൻ ഞങ്ങൾക്കുചുറ്റും സംരക്ഷണ കവചം തീർക്കണമേ.
മുഖ്യദൂതന്മാരേ, സാത്താനൊരുക്കുന്ന കെണികളിൽനിന്ന്, ചതി പ്രയോഗത്തിൽനിന്ന്, ഗൂഢാലോചനകളിൽനിന്ന്, ദുരുപയയോഗങ്ങളിൽനിന്ന്, ദുഷ്ടസ്വാധീന വലയങ്ങളിൽനിന്നു, രഹസ്യവും പരസ്യവുമായ എല്ലാ അപകടങ്ങളിൽനിന്നും ധാർമിക അധഃപതനം, ദുരന്തം, യുദ്ധം, മാരക രോഗങ്ങൾ, പകർച്ചവ്യാധികൾ, ക്ഷാമം ഇവയിൽനിന്നെല്ലാം സംരക്ഷിക്കപ്പെടുവാൻ ഞങ്ങളുടെമേൽ കുരിശടയാളം പതിക്കണമേ.
പേമാരി, ജലപ്രളയം, ഇടിമിന്നൽ, കൊടുങ്കാറ്റ്, കടൽക്ഷോപം, അത്യുഷ്ണം, അതിശൈത്യം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, ഭൂകമ്പം, പാരമ്പര്യരോഗങ്ങൾ, പൈശാചിക രോഗങ്ങൾ, വിഷജീവികൾ, വിഷവായു, ഭക്ഷ്യവിഷബാധ, വന്യമൃഗശല്യം, ഉപദ്രവകാരികളായ കീടങ്ങൾ, തീപിടുത്തം, വൈറസ് രോഗങ്ങൾ, എന്നിവയിൽനിന്ന് ഞങ്ങളെയും കുടുംബങ്ങളെയും ചിറകുവിരിച്ചു കാത്തുകൊള്ളണമേ. ആമേൻ.
(1 വിശ്വാസ പ്രമാണം, 1 സ്വർഗ്ഗ, 1 നന്മ, 1 ത്രിത്വസ്തുതി)